ലോക സമ്പന്നരുടെ പട്ടികയില്‍ നിന്നും 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അഡാനി. രണ്ട് മാസം മുമ്പ് വരെ അഡാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അഡാനി ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അഡാനി ഇപ്പോള്‍ 24-ാം സ്ഥാനത്താണ്. ഫെബ്രുവരി 14 വരെയുള്ള അഡാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറിലേക്കെത്തി. ഫോര്‍ബ്സ് റിയല്‍ടൈം ബില്യണയര്‍ സൂചിക പ്രകാരം ഗൗതം അഡാനിയുടെ ആസ്തി 53 ബില്യണ്‍ ഡോളറാണ്.
യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടാണ് അഡാനിയുടെ നാടകീയമായ പതനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ക്രമക്കേട് ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച നേരിട്ടു. ഇതിനോടകം പത്തുലക്ഷം കോടിയുടെ നഷ്ടം അഡാനിക്ക് നേരിട്ടിട്ടുണ്ട്. സെബി അടക്കമുള്ള ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
നിലവില്‍ ഒമ്പത് ലക്ഷം കോടി രൂപയ്ക്ക് താഴെയാണ് എന്‍എസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് അഡാനി കമ്പനികളുടെ ആകെ വിപണിമൂല്യം. ജനുവരി 24ന് ഇത് 19.2 ലക്ഷം കോടിയായിരുന്നു. അഡാനി ടോട്ടല്‍ ഗ്യാസിന്റെ വിപണി മൂല്യം 70 ശതമാനത്തിലേറെ ഇടിഞ്ഞു. അഡാനി ഗ്രീന്‍ എനര്‍ജിയുടെ മൂല്യം മൂന്നിലൊന്നായി കുറഞ്ഞു. പ്രധാന കമ്പനിയായ അഡാനി എന്റര്‍പ്രൈസിന്റെ മൂല്യം പാതിയായും അഡാനി ട്രാന്‍സ്മിഷന്റെ മൂല്യം 60 ശതമാനവും ഇടിഞ്ഞു. 22 ശതമാനം മുതല്‍ 44 ശതമാനം വരെയാണ് മറ്റു കമ്പനികള്‍ക്ക് നേരിട്ട ഇടിവ്.
സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ ഗ്രൂപ്പ് കമ്പനികളുടെ ബാധ്യത തീര്‍ക്കാന്‍ അഡാനി ശ്രമിച്ചിരുന്നു. അതിന് പിന്നാലെ അമേരിക്കയില്‍ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ കേസ് വാദിക്കാന്‍ വാച്ടെല്‍ എന്ന കോര്‍പറേറ്റ് അഭിഭാഷക കമ്പനിയെ സമീപിച്ചിട്ടുമുണ്ട്.
ഇന്നലെയും ഓഹരി വിപണിയില്‍ അഡാനി ഗ്രൂപ്പിന് കീഴിലുള്ള ഭൂരിഭാഗം കമ്പനികള്‍ക്ക് നഷ്ടമായിരുന്നു നേരിട്ടത്. അഡാനി പോര്‍ട്ട്‌സിന്റെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. അഡാനി ട്രാന്‍സ്മിഷന്‍, അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി വില്‍മാര്‍, എന്‍ഡിടിവി, അഡാനി ഗ്രീന്‍ തുടങ്ങിയവ ലോവര്‍ സര്‍ക്യൂട്ടിലേക്ക് വീണു.
English Summary: Dramatic fall: Adani slips to 24th position in global rich list
You may also like this video