Site icon Janayugom Online

പിടിവിട്ട് വിദ്യാഭ്യാസ ചെലവ്; കോവിഡനന്തരം സ്കൂള്‍ ഫീസില്‍ ക്രമാതീതമായ വര്‍ധന

education

കോവി‍‍ഡനന്തരം സ്കൂള്‍ ഫീസില്‍ ക്രമാതീതമായ വര്‍ധനയുണ്ടായതായി രക്ഷാകര്‍ത്താക്കള്‍. ഫീസില്‍ 30 ശതമാനത്തിലധികം വര്‍ധനയുണ്ടായെന്ന് രണ്ടിലൊന്ന് രക്ഷാകര്‍ത്താവും അഭിപ്രായപ്പെടുന്നതായി സാമൂഹിക സര്‍വേ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് പ്രകടമായ വര്‍ധനയുണ്ടായതെന്നും രക്ഷാകര്‍ത്താക്കള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ 312 ജില്ലകളില്‍ നിന്നായി 27,000 പ്രതികരണങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പങ്കെടുത്തവരില്‍ 66 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണ്. 

വിദ്യാഭ്യാസ ചെലവ് 50 ശതമാനം വര്‍ധിച്ചുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത എട്ട് ശതമാനം പേര്‍ പറയുന്നത്. 30 മുതല്‍ 50 ശതമാനം വരെ വര്‍ധിച്ചുവെന്ന് 42 ശതമാനം പറയുന്നു. പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനൊപ്പമുള്ള മറ്റ് ചെലവുകളാണ് ആകെ ചെലവ് വര്‍ധിക്കാന്‍ കാരണമെന്നും ചിലര്‍ പറയുന്നു.
2020 മുതല്‍ 2022 വരെ ക്ലാസുകള്‍ ഓണ്‍ലൈനായിരുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും ഫീസിന് പരിധി നിശ്ചയിച്ചിരുന്നു. കോവിഡ് മൂലമുണ്ടായ സാമ്പത്തികപ്രയാസം കാരണം ട്യൂഷന്‍ ഫീസ് അല്ലാതെ മറ്റൊന്നും ഈടാക്കരുതെന്ന് ഡല്‍ഹിയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വകാര്യ സ്കൂളുകളില്‍ ഒരു കുട്ടിക്ക് വേണ്ടി പ്രതിവര്‍ഷം അടയ്ക്കേണ്ട തുക 50,000 മുതല്‍ നാല് ലക്ഷം വരെയാണ്. 

എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ഒരു സ്കൂളുകളിലും ഫീസ് വര്‍ധന നടപ്പാക്കാന്‍ കഴിയില്ലെന്ന് അംഗീക‍ൃത അണ്‍എയ്ഡഡ് സ്കൂളുകളുടെ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഭാരത് അറോറ പറഞ്ഞു. സ്കൂള്‍ നടത്തിപ്പിനാവശ്യമായ രീതിയില്‍ ഫീസ് കണക്കാക്കുന്നത് മാനേജിങ് കമ്മിറ്റിയാണ്. രണ്ട് മുതല്‍ 10 ശതമാനം വര്‍ധന മാത്രമാണ് സ്കൂളുകളില്‍ നടപ്പാക്കിയിരിക്കുന്നതെന്നും അറോറ പറഞ്ഞു. വരുമാനത്തില്‍ വര്‍ധനവുണ്ടാകാതെ സ്കൂള്‍ ചെലവ് ഉള്‍പ്പെടെയുള്ളവയുടെ ചെലവ് കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും രക്ഷാകര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Dra­mat­ic increase in school fees after covid

You may also like this video

Exit mobile version