Site iconSite icon Janayugom Online

കാർഷിക സമൃദ്ധിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ സഫലമാകുന്നു: മന്ത്രി പി പ്രസാദ്

നാടിന്റെ കാർഷിക സമൃദ്ധിയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും കണ്ടിരുന്ന സ്വപ്നങ്ങൾ സാക്ഷാത്കാരത്തിന്റെ വഴിയിലെത്തിയിരിക്കുകയാണെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ വിവിധ പദ്ധതികളും നെൽകൃഷി വിതയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കൃഷിയില്ലാതിരുന്ന പാടത്താണ് ഇന്ന് വിത്തുവിതച്ചത്. ദീർഘമായ പ്രയത്നമാണ് ഇത് സാധ്യമാക്കിയത്. കാർഷിക സമൃദ്ധിക്കൊപ്പം ജലസമൃദ്ധിയും ഉറപ്പാക്കും വിധമാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ക്രിയാത്മകമായ ഇത്തരം പ്രവർത്തനങ്ങൾക്ക് കൃഷിവകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകും. ജീവിത ശൈലീ രോഗങ്ങളിൽനിന്ന് പൂർണമായും മുക്തരാകുന്നതിന് സുരക്ഷിതമായ ആഹാരക്രമം ശീലമാക്കേണ്ടതുണ്ട്.

സുരക്ഷിത ആഹാരത്തിനായി ജൈവകൃഷിക്ക് പ്രധാന്യം നൽകണമെന്നും മന്ത്രി നിർദേശിച്ചു. അനുഭവ സമ്പത്തുള്ള കർഷകരുടെ നിർദേശങ്ങൾകൂടി കണക്കിലെടുത്ത് നടപ്പാക്കുമ്പോഴാണ് കാർഷിക പദ്ധതികൾ വിജയം നേടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സമ്പൂർണ നെൽകൃഷി പദ്ധതിയായ സമൃദ്ധിയിൽ ഉൾപ്പെടുത്തിയാണ് കോമൻകുളങ്ങര പാടശേഖരത്തിൽ വിവിധ വികസന പരിപാടികൾ നടപ്പാക്കുന്നത്. എം എൽ എ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് മൂന്നു കൾവർട്ടുകളുടെ നിർമാണത്തിനും ഇതോടനുബന്ധിച്ച് തുടക്കം കുറിച്ചു.

കേരള ലാൻഡ് ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി വി സത്യനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുളാ ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ രമേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർലി സാജൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സൗമ്യ റെനി, അനിൽ ജോർജ്, ഉമാദേവി, പഞ്ചായത്ത് അംഗം അജിത മോഹൻ, കെ എൽ ഡി സി മാനേജിംഗ് ഡയറക്ടർ പി രാജീവ്, കരുണ സെക്രട്ടറി എൻ ആർ സോമൻ പിള്ള, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ ശ്രീരേഖ, കെ എൽ ഡി സി എക്സിക്യൂട്ടീവ് എൻജിനീയർ കെ എസ് സുനിജ, വാട്ടർ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ എസ് സഫീന, കരുണ ഫാം പ്രവർത്തകർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Summary:dreams-of-agricultural-prosperity-come-true-minister-p-prasad
You may also like this video

Exit mobile version