Site iconSite icon Janayugom Online

നീറ്റ് പരീക്ഷക്കിടയിലെ വസ്ത്രാക്ഷേപം; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അന്വേഷിക്കും

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തെക്കുറിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അന്വേഷണം നടത്തും. നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചെയര്‍പേഴ്സണും സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കത്തയച്ചിരുന്നു. അതിനിടെ സംഭവത്തില്‍ അഞ്ച് വനിതാ ജീവനക്കാരെ അറസ്റ്റ് ചെയ്തു. ആയൂര്‍ മര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയിലെ രണ്ട് ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു ജീവനക്കാരെയുമാണ് അറസ്റ്റുചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. നാല് സ്ത്രീകളാണ് കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. 

അഞ്ച് വിദ്യാർത്ഥികള്‍ക്കൂടി ഇന്നലെ പരാതി നൽകിയതായി കൊല്ലം ഡിവൈഎസ്‌പി കെ ബി രവി അറിയിച്ചു. ഇവരുടെ മൊഴിയെടുക്കും. സ്വകാര്യ ഏജന്‍സിക്കായിരുന്നു പരീക്ഷാ നടത്തിപ്പിന്റെയും ദേഹപരിശോധനയുടെയും ചുമതലയെന്നും പൊലീസ് പറഞ്ഞു. കോളജ് അധികൃതര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് കൊട്ടാരക്കര ഡിവൈഎസ്‌പി ജി ഡി വിജയകുമാര്‍ പറഞ്ഞു.
അതേസമയം ഇന്നലെ കോളജിലേക്ക് വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചുകള്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

എഐവൈഎഫ്-എസ് എഫ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിവീശി. കെഎസ്‌യു പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കരിഓയില്‍ പ്രയോഗം നടത്തി. എബിവിപി പ്രവര്‍ത്തകര്‍ കോളജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. 

Eng­lish Summary:Dress code dur­ing NEET exam
You may also like this video

Exit mobile version