Site iconSite icon Janayugom Online

സെക്രട്ടേറിയറ്റിലും കുടിവെള്ളം മുടങ്ങി

waterwater

റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനുള്ള പണികൾക്കായി നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവെച്ചതോടെ സെക്രട്ടേറിയറ്റിലും കുടിവെള്ളം മുടങ്ങി. മന്ത്രിമാരും ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങൾക്കായി എത്തിയവരും വെള്ളം കിട്ടാതെ വലഞ്ഞു. പലരും പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി. 

ഇന്നലെ രാവിലെ മുതൽ സെക്രട്ടേറിയറ്റിലെ മിക്ക ഓഫിസുകളിലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ് നേരിട്ടത്. ടോയ്ലെറ്റുകളിലും ക്യാന്റീനുകളിലും വെള്ളം ലഭിച്ചില്ല. ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയുമുണ്ടായി. ടോയ്ലെറ്റുകളിൽ വെള്ളമില്ലാതായതോടെ വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നതെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം- നാഗർകോവിൽ പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന പണി മൂലമാണ് സെക്രട്ടേറിയറ്റില്‍ അടക്കം നഗരത്തിലെ മിക്ക ഭാഗത്തെയും ജലവിതരണം മുടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രശ്നം പരിഹരിക്കാനാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. സ്മാ‌ർട്ട് സിറ്റി റോഡ് നവീകരണം, പൈപ്പ് പൊട്ടൽ അറ്റകുറ്റപ്പണി എന്നിവ മൂലം നഗരത്തിൽ മിക്കയിടത്തും അടുത്തിടെ പലതവണ മുടങ്ങിയിരുന്നു.

Exit mobile version