Site icon Janayugom Online

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

ഡ്രൈവിങ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട് ഇളവുകൾ വരുത്തി ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം മുപ്പതിൽനിന്ന് നാല്പതാക്കി. അതിൽ 25 എണ്ണം പുതിയ അപേക്ഷകരും പത്ത് എണ്ണം റീ ടെസ്റ്റിന് അർഹത നേടിയവർക്കുമായിരിക്കും. ബാക്കി വരുന്ന അഞ്ചെണ്ണം വിദേശത്ത് ജോലി, പഠനം എന്നിവയ്ക്കും നാട്ടിൽനിന്ന് അടിയന്തരമായി മടങ്ങി പോകുന്നവർക്കുമായി മാറ്റിവയ്ക്കും. ഇവരുടെ അഭാവത്തിൽ ലേണേഴ്സ് ലൈസൻസ് കാലാവധി ഉടൻ അവസാനിക്കുന്നവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കും. 

ഡ്വൽ ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങളിൽ ടെസ്റ്റ് നടത്താൻ മൂന്നുമാസം വരെയും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്താൻ ആറുമാസം വരെയും അനുവദിക്കും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ അതേദിവസം വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് കൂടി നടത്താൻ പാടില്ല. ടെസ്റ്റ് പരിഷ്കരണത്തിന്റെ ഭാഗമായി ഗ്രൗണ്ടുകൾ സജ്ജമാകാത്തിടങ്ങളിൽ നിലവിലുള്ള രീതിയിൽ ‘എച്ച്’ നടത്തും. തുടർന്ന് എത്രയും വേഗം ഗ്രൗണ്ട് സജ്ജമാക്കാനുള്ള നടപടി സ്വീകരിക്കും. 

അതേസമയം, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് നടത്തിയ സമരം സിഐടിയു താൽക്കാലികമായി മാറ്റിവച്ചു. പരിഷ്കരണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഗതാഗത മന്ത്രിയുമായി ചർച്ച തുടരും.
സംസ്ഥാനത്ത്‌ നാളെ മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഡ്രൈവിങ്‌ ടെസ്‌റ്റ്‌ പരിഷ്‌കരണത്തിനെതിരെ സ്‌കൂൾ ഉടമകളും ജീവനക്കാരും നടത്തി വന്ന അനിശ്ചിതകാല സമരം നിർത്തിവച്ചതോടെയാണിത്‌.
Eng­lish Summary:driving test reform; New cir­cu­lar issued
You may also like this video

Exit mobile version