Site iconSite icon Janayugom Online

മദ്യലഹരിയില്‍ സാഹസിക ഡ്രൈവിങ്: അഭിഭാഷകന്‍ പിടിയില്‍

മദ്യലഹരിയില്‍ ആറോളം വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച് അഭിഭാഷകന്റെ സാഹസിക ഡ്രൈവിംഗ്. വാഹനമോടിച്ച വാഴക്കുളം സ്വദേശിയായ സൂര്യലാല്‍ പിടിയിലായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് വെങ്ങല്ലൂര്‍-കോലാനി ബൈപാസ് റോഡില്‍ പെട്രോള് പമ്പിന് സമീപത്തുവെച്ച് അമിത വേഗതയിലെത്തിയ സൂര്യലാല് മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറില്‍ ഇടിക്കുന്നത്. മദ്യലഹരിയില്‍ പാല ഭാഗത്തേക്ക് കാറില്‍ പോവുകയായിരുന്നു അഭിഭാഷകന്‍. ഇടിച്ചിട്ടും വാഹനം നിര്‍ത്താന്‍ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡര് ഇടിച്ച് തെറിപ്പിച്ച ശേഷം മൂന്ന് കാറുകളെയും പിക്കപ്പ് വാനിനെയും ലോറിയിലും ഇടിച്ച ശേഷം കോലാനിക്ക് സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര് പഞ്ചറായതോടെയാണ് നിന്നത്.

നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനെ വിവരം അറിയിച്ചു. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇയാളെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാള്‍ ഓടിച്ച കാറിടിച്ച മുഴുവന്‍ വാഹനങ്ങള്‍ക്കും വലിയ രീതിയിലുള്ള കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ ബൈപാസ് റോഡില് വാഹനമോടിച്ച് അരമണിക്കൂറോളം ഇയാള്‍ പരിഭ്രാന്തി പടര്‍ത്തിയെന്ന് വ്യാപാര സ്ഥാപന ഉടമകള്‍ പറഞ്ഞു.

Eng­lish sum­ma­ry; dri­ving under the influ­ence of alco­hol: Lawyer arrested

You may also like this video;

Exit mobile version