Site iconSite icon Janayugom Online

ഡ്രോണ്‍, ബോംബ്, പൊലീസിന് യന്ത്രത്തോക്ക്; മണിപ്പൂര്‍ യുദ്ധക്കളം

manipurmanipur

അത്യാധുനിക ആയുധങ്ങളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന മണിപ്പൂര്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറുന്നു. അതിനിടെ സംസ്ഥാന പൊലീസിന് ലൈറ്റ് മെഷിന്‍ ഗണ്‍ (എല്‍എംജി) നല്‍കുന്നത് യുദ്ധസമാന സാഹചര്യം വഷളാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര സുരക്ഷ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കരസേനയ്ക്ക് പോലും എല്‍എംജി കൈവശം വയ്ക്കാന്‍ അധികാരമില്ലാത്ത അവസരത്തിലാണ് വംശീയ കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന പൊലീസിന് അനുമതി നല്‍കിയുള്ള അസാധാരണ തീരുമാനം. ജബല്‍പ്പൂരിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിന്ന് 7.62 എംഎം ലൈറ്റ് മെഷിന്‍ ഗണ്‍ ആണ് പൊലീസിന് ലഭ്യമാക്കിയത്. ഇതിന്റെ തുടര്‍ച്ചയായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 21 ദിവസത്തെ പരിശീലനവും സൈന്യം നല്‍കിത്തുടങ്ങി.

മെയ്തികള്‍ക്ക് പട്ടിക വര്‍ഗ പദവി അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മേയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തില്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മെയ്തി അനുകൂല നിലപാട് സ്വീകരിച്ചത് വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കുക്കി വംശജര്‍ മണിപ്പൂര്‍ പൊലീസിന്റെ മെയ്തി അനുകൂല നിലപാട് ചോദ്യം ചെയ്ത് രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. ഇതിനിടെയാണ് പൊലീസിന് എല്‍എംജി നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത്. 

ക്രമസമാധാന പാലനം ഉറപ്പ് വരുത്തുന്ന പൊലീസിന് എല്‍എംജി നല്‍കുന്നത് വന്‍ പ്രത്യാഘാതമുണ്ടാക്കും. പൊലീസിന് പുറമെ കേന്ദ്ര സുരക്ഷാ സേനയും സംസ്ഥാനത്ത് വിന്യസിക്കപ്പെട്ടിരിക്കെ സംസ്ഥാന പൊലീസിന് അമിത അധികാരവും തോക്കും നല്‍കുന്നത് വിപരീത ഫലം ഉണ്ടാകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. കുറ്റവാളികളെയും തീവ്ര സന്നദ്ധ സംഘടനകളെയും അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതിന് പകരം പൊലീസിന് യന്ത്രത്തോക്ക് നല്‍കുന്നത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുന്ന തരത്തിലേക്ക് മാറുന്നതിന് ഇടവരുത്തും. കുക്കി വിരുദ്ധ മനോഭാവം സ്വീകരിക്കുന്ന പൊലീസിലെ ഒരു വിഭാഗം നടത്താന്‍ ഇടയുള്ള തേര്‍വാഴ്ച സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കും.
രാജ്യത്തെ ഒരു സംസ്ഥാനത്ത് വംശീയ കലാപം ആരംഭിച്ച് വര്‍ഷം ഒന്നുകഴിഞ്ഞിട്ടും അവിടെ സന്ദര്‍ശിക്കാനോ സമാധാനം ഉറപ്പ് വരുത്താനോ സാധിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടും വിമര്‍ശിക്കപ്പെടുന്നുണ്ട്.

Exit mobile version