Site iconSite icon Janayugom Online

ലഹരിമരുന്നിന് അന്താരാഷ്ട്ര ബന്ധം

കൊച്ചിയിൽ ലഹരിമരുന്ന് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകൾ 340 ആണ്. അന്താരാഷ്ട്ര ബന്ധമുള്ള നിരോധിത സംഘടനകൾക്ക് വരെ ഈ കടത്തിൽ പങ്കാളിത്തമുണ്ടെന്നാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന. ഗുജറാത്തു മുതലുള്ള സംസ്ഥാനങ്ങളിൽ തുടങ്ങുന്ന ശൃംഖലയുടെ കണ്ണികൾ കൂട്ടിച്ചേർക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയുന്നില്ല. ഓൺലൈൻ ആയും കൊറിയർ ആയും ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ക്രിപ്റ്റോ കറൻസിയും ലഹരിമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ട്.

21 വയസിന് താഴെയുള്ള ആയിരത്തിലധികം യുവാക്കൾ മയക്കുമരുന്ന് കേസുകളിൽ കൊച്ചിയിൽ പിടിയിലായി. ഇവരിൽ യുവതികളുടെ എണ്ണം പകുതിയോളം വരും. മറ്റ് ജില്ലകളിൽ നിന്ന് ജോലി അന്വേഷിച്ചുവരുന്നവരും ചെറിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ് ഏറെ ഈ കുരുക്കിൽ വീണിട്ടുള്ളത്.ഹോട്ടൽ മുറി ബുക്ക് ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പിന്റെ മറവിൽ മയക്കുമരുന്ന് വ്യാപാരം കരുപിടിപ്പിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് എക്സൈസ് അധികൃതർ പറയുന്നു 40 കേസുകളിൽ നിന്ന് 360 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. ദിവസവും ഏകദേശം 25 പേരെ വച്ച് പിടികൂടുന്നുണ്ട്. കൂടുതലും കഞ്ചാവ് കേസുകളാണ്. ഇതിൽ മധ്യവയസ്കരും പ്രതികളായിട്ടുണ്ട്.

പക്ഷേ, എംഡിഎംഎ, ഹാഷിഷ് ഓയിൽ പോലെയുള്ള സിന്തറ്റിക് ഡ്രഗ് കേസുകളിൽ പിടിക്കപ്പെടുന്നത് ചെറുപ്പക്കാരാണ്. വിദേശത്തു നിന്നും എത്തുന്ന എംഡിഎംഎ ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലാണ് ശേഖരിക്കുന്നത് എന്ന് നര്‍കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കുന്നു. അവിടെ നിന്നും ലഹരിയുടെ കടുപ്പം കൂട്ടുന്നതിനായി മറ്റു ചില ചേരുവകൾ കൂടി ചേ‍ർത്താണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഈ ചേരുവകൾ ചേ‍ർക്കുന്ന രഹസ്യ സങ്കേതങ്ങൾ കുക്കിങ് സെന്ററുകൾ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലും ഇത്തരം കുക്കിങ് സെന്ററുകൾ പ്രവ‍ർത്തിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

തൊടുപുഴയിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികൾക്ക് എംഡിഎംഎ എത്തിയത് ബംഗളുരുവിൽ നിന്നും കൊറിയ‍ർ വഴിയാണെന്ന് പൊലീസ് പറയുന്നു. അതിനാൽ തന്നെ കേസ് അന്വേഷണം മുന്നോട്ടുപോകാൻ തടസങ്ങൾ ഏറെയാണ്. തൊടുപുഴയിൽ പിടിയിലായ അക്ഷയയും യൂനസും കഴിഞ്ഞ നാല് വർഷമായി ഒന്നിച്ച് താമസിക്കുന്നവരാണ്. ഇടത്തരം കുടുംബ പശ്ചാത്തലമാണ് പ്രതികളുടേത്. പഠിക്കാൻ മിടുക്കിയായിരുന്ന അക്ഷയ കുടുംബവുമായി അത്ര അടുപ്പത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. വെള്ളത്തിൽ കലർത്തിയും കത്തിച്ച് ശ്വസിച്ചും കുത്തിവെച്ചും എംഡിഎംഎ ഉപയോഗിക്കാറുണ്ട്. എംഡിഎംഎയുടെ സ്വാധീനം ശരീരത്തിൽ കുറയുന്നതോടെ ക്ഷീണം, വിശപ്പ് എന്നിവ അനുഭവപ്പെട്ടതായി ഈ ലഹരി ഉപയോഗിച്ചവ‍ർ സാക്ഷ്യപ്പെടുത്തുന്നു. സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളുകൾക്ക് അതിവേഗം മരണം സംഭവിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

Eng­lish Sum­ma­ry: Drug cas­es are increas­ing in Kochi
You may also like this video

Exit mobile version