Site iconSite icon Janayugom Online

ആഡംബര ഹോട്ടലില്‍ ലഹരിമരുന്ന് പാര്‍ട്ടി; ഹൈദരാബാദില്‍ 150 പേര്‍ പിടിയില്‍

ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ പൊലീസിന്റെ മിന്നല്‍ റെയ്ഡ്. ഹൈദരാബാദ് ബഞ്ചാരഹില്‍സിലെ സ്വകാര്യ ഹോട്ടലിലാണ് പൊലീസിന്റെ പ്രത്യേകസംഘം ഞായറാഴ്ച പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. പാര്‍ട്ടി നടന്ന ഹോട്ടലില്‍നിന്ന് കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഉന്നതരുടെ മക്കളും ബന്ധുക്കളും അടക്കം 150 ലേറെ പേരെ ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നടന്‍ നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്ബോസ് മത്സരവിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടൂര്‍ എം പി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബഞ്ചാരഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ പബ്ബില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പൊലീസിന്റെ പ്രത്യേകസംഘം റെയ്ഡ് നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ പൊലീസ് സംഘം പബ്ബിലെത്തുമ്പോള്‍ 150‑ലേറെ പേര്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെ പലരും ചില പാക്കറ്റുകള്‍ വലിച്ചെറിഞ്ഞതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെടുത്തു. കൂടാതെ കഞ്ചാവ്, ചരസ് അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് കരുതുന്ന ഒഴിഞ്ഞ ചില പാക്കറ്റുകളും പബ്ബില്‍നിന്ന് ലഭിച്ചു.

ഹോട്ടലിലെ രണ്ട് മാനേജര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബഞ്ചറാഹില്‍സ് പൊലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ റേവ് പാര്‍ട്ടി നടക്കുന്ന വിവരമറിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നതില്‍ അനാസ്ഥ കാണിച്ചതിനാണ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ഇന്‍സ്‌പെക്ടറുടെ അറിവോടെയാണ് ഇത്തരം പാര്‍ട്ടികള്‍ നടന്നിരുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

Eng­lish sum­ma­ry; Drug par­ty at lux­u­ry hotel; 150 arrest­ed in Hyderabad

You may also like this video;

Exit mobile version