Site icon Janayugom Online

മരുന്നുവില കുതിക്കും;സജീവ മരുന്ന് ചേരുവകള്‍ക്ക് വില ഉയര്‍ന്നത് പ്രതിസന്ധി

അവശ്യ മരുന്നുകൾ നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയരുന്നു. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സജീവ മരുന്നു ചേരുവ (എപിഐ) കളുടെ വിലവര്‍ധന ഉടന്‍ ഇന്ത്യയിലെ മരുന്നുവിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ ക്രമാനുഗതമായ വർധന ഉണ്ടായി. കോവിഡിന് മുമ്പുള്ള വിലയെ അപേക്ഷിച്ച് 100 ശതമാനത്തിലധികം കൂടിയിട്ടുണ്ട്. ചരക്കുനീക്കത്തിലുണ്ടായ പ്രശ്നങ്ങളും പണപ്പെരുപ്പവുമായിരുന്നു പ്രധാന കാരണം. മഹാമാരിക്കുശേഷം മിക്ക രാജ്യങ്ങളും പൂർണമായ പ്രവർത്തനങ്ങളിലേക്ക് മാറിയെങ്കിലും ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക്ഡൗൺ മറ്റൊരു കാരണമായി. മറ്റ് രാജ്യങ്ങളെ ആശ്രയിക്കാമെന്ന് വിചാരിച്ചാല്‍ വിലയിൽ കാര്യമായ വ്യത്യാസമുണ്ട്. തദ്ദേശീയമായി എപിഐകളുടെ നിര്‍മ്മാണം ശൈശവ ദശയിലുമാണ്. 

മരുന്നുകളുടെ വില വര്‍ഷത്തിലൊരിക്കല്‍ പുനര്‍ നിര്‍ണയിക്കാറുണ്ട്. വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വിലയിൽ വർഷം തോറും പത്ത് ശതമാനം വർധനവ് വരുത്താൻ നിർമ്മാതാക്കൾക്ക് ദേശീയ ഔഷധ വില നിയന്ത്രണ അതോറിട്ടിയുടെ അനുവാദമുണ്ട്. വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുന്ന മരുന്നുകള്‍ക്ക് സാധാരണയായി നാലു ശതമാനം വരെ മാത്രമാണ് വാര്‍ഷിക വര്‍ധന അനുവദിക്കുന്നത്. കഴിഞ്ഞവര്‍ഷം രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. പാരസെറ്റമോളും വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും അടക്കമുള്ള 800 ഓളം അവശ്യമരുന്നുകളുടെ വില 10.7 ശതമാനമാണ് ഉയര്‍ത്തിയത്. ഈ വര്‍ഷവും ഇതിനു തുല്യമായി വില ഉയര്‍ത്തണമെന്ന് മരുന്ന് കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പുതിയ സാഹചര്യത്തില്‍ അസിത്രോമൈസിൻ, അമോക്സിസിലിൻ എന്നിവയുൾപ്പെടെയുള്ള പ്രധാന ആന്റിബയോട്ടിക്കുകള്‍ക്ക് വില ഉയര്‍ന്നേക്കും. ടിബിക്കുള്ള മരുന്നായ റിഫാംപിസിൻ, പ്രമേഹ ഔഷധമായ മെറ്റ്ഫോർമിൻ എന്നിവയ്ക്കും വില ഇരട്ടിയായി വര്‍ധിച്ചു. ഹൃദയാഘാതം, സ്ട്രോക്ക്, ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന 74 മരുന്നുകളുടെ ചില്ലറ വില ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) കഴിഞ്ഞദിവസം ക്രമീകരിച്ചിരുന്നു. 

Eng­lish Summary;Drug prices will rise; the high price of active drug ingre­di­ents is a crisis
You may also like this video

Exit mobile version