Site iconSite icon Janayugom Online

ബസ് സ്റ്റാന്റില്‍ മയക്കുമരുന്ന് വില്‍പ്പന; യുവാവിന് 12 വര്‍ഷം കഠിനതടവും പിഴയും

വില്‍പ്പനക്കായി കൊണ്ടുവന്ന എംഡിഎംഎ സഹിതം കൊണ്ടോട്ടി ബസ് സ്റ്റാന്റില്‍ വെച്ച് പൊലീസ് പിടികൂടിയ യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് കോടതി 12 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് പുതിയങ്ങാടി കോയ റോഡില്‍ പള്ളിക്കണ്ടി അഷ്‌റഫ് (32)നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. 

2022 ഏപ്രില്‍ 15ന് രാത്രി 11.45നാണ് ഇയാളെ കൊണ്ടോട്ടി ബസ് സ്റ്റാന്റില്‍ വെച്ച് പൊലീസ് പിടികൂടിയത്. പ്രതിയില്‍ നിന്നും 32 ഗ്രാം എംഡിഎംഎയും കണ്ടെടുത്തിരുന്നു. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. ഇരു വകുപ്പുകളിലും ആറു വര്‍ഷം വീതം കഠിന തടവ്, 60000 രൂപ വീതം പിഴയെന്നിങ്ങനെയാണ് ശിക്ഷയനുഭവിക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വകുപ്പുകളിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം സി പ്രമോദ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി. കേസിലെ രണ്ടാം പ്രതിയെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ ചോലാട് കുഞ്ഞാമിനാസ് ഹൗസില്‍ എ വി മുഹമ്മദ് ഷര്‍ഷദ് (42) ആണ് ഒളിവില്‍ തുടരുന്നത്. 

Exit mobile version