നാലുമാസത്തോളമായി കലാപം നിലനില്‍ക്കുന്ന മണിപ്പൂരില്‍ മരുന്നുക്ഷാമവും പട്ടിണിയും കാരണം ജനങ്ങള്‍ മരിച്ചുവീഴുന്നു. മരുന്നിന്റെയും ചികിത്സയുടെയും അഭാവത്തില്‍ ചുരാചന്ദ്പൂരിൽ ഇതിനകം 35 പേർ മരിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. കുക്കി മലയോര ജില്ലയായ ചുരാചന്ദ്പൂരിലേക്ക് അവശ്യസാധനങ്ങൾ വ്യോമമാർഗം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.
അക്രമവും വെടിവയ്പും നിത്യസംഭവമായതോടെ, തലസ്ഥാനമായ ഇംഫാലിൽനിന്ന് മലയോരമേഖലകളിലേക്കുള്ള അവശ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം തടസപ്പെട്ടിരിക്കുകയാണ്. നേരത്തെ മലയോര പ്രദേശങ്ങളിൽ നിന്ന് ഇംഫാൽ വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
അവശ്യസാധനങ്ങളുടെ വിതരണം മെയ്തി സംഘടനകള്‍ തടസപ്പെടുത്തുന്നതായാണ് കുക്കി-സോ ഗ്രൂപ്പുകളുടെ ആരോപണം. സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് റോഡ് ഗതാഗതം ഉപയോഗിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യമുണ്ട്. സംസ്ഥാനം ഇപ്പോൾ മെയ്തി, കുക്കി വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള രണ്ട് പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.
നിലവില്‍ ദിമാപൂരിനെയും ഇംഫാലിനെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയിലും ചുരാചന്ദ്പൂർ റോഡിലും ഉപരോധം തുടരുകയാണ്. ചുരാചന്ദ്പൂരിലേക്കുള്ള പ്രവേശനം സ്ത്രീകളുടെ നേതൃത്വത്തിലുള്ള മെയ്തി ഗ്രൂപ്പുകളാണ് തടഞ്ഞിരിക്കുന്നത്. കുക്കി വിഭാഗക്കാര്‍ക്ക് ഇംഫാലിലെ വിമാനത്താവളം ഉപയോഗിക്കാനാകാത്ത സ്ഥിതിയുമുണ്ട്. നേരത്തെ മരുന്നുകൾ ലഭ്യമാക്കാൻ അയൽ സംസ്ഥാനമായ മിസോറാമിന്റെ സഹായം തേടിയിരുന്നു. എന്നാല്‍ ഇതും പരാജയപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ കരസേനയുടെയും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), അസം റൈഫിൾസ്, മണിപ്പൂർ പൊലീസ് എന്നിവയുടെ സഹായത്തോടെ വ്യോമ മാർഗങ്ങളിലൂടെ അവശ്യമരുന്നുകള്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
English summary; drug shortage; People are dying of starvation in Manipur
you may also like this video;