മദ്യപിച്ച ജീപ്പ് ഓടിച്ച ഗ്രേഡ് എസ്ഐക്കും ഡ്രൈവർക്കും സസ്പെൻഷൻ. കൊല്ലം റൂറൽ എസ്പിയുടെ കീഴിലുള്ള കൺട്രോൾ റൂം ഗ്രേഡ് എസ്ഐ സുമേഷ് ലാൽ, ഡ്രൈവർ സി മഹേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പത്തനാപുരം ടൗണിൽ പുനലൂരിലേക്കുള്ള ബസ് ബേയ്ക്ക് എതിർവശത്തെ ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു സംഭവങ്ങളുടെ തുടക്കം. മണിക്കൂറുകളോളം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത പൊലീസ് ജീപ്പുമായി റോഡിലേക്കിറങ്ങിയപ്പോള്‍ അവിടെയുണ്ടായിരുന്ന മൂന്നു പേരുടെ നേതൃത്വത്തിൽ ജീപ്പ് തടയുകയായിരുന്നു. എസ്ഐയും ഡ്രൈവറും ജീപ്പിൽ ഇരുന്നു മദ്യപിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ വാഹനം തടഞ്ഞത്.
ജീപ്പ് തടഞ്ഞവരെ മാറ്റാൻ പോലും വാഹനത്തിൽ നിന്ന് ഇറങ്ങാതിരുന്ന ഉദ്യോഗസ്ഥർ, വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ റൂറൽ എസ്പി സാബു മാത്യു വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

