മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ അപകടകരമായി ഇടിച്ച സംഭവത്തിൽ കെ എസ് യു നേതാവ് ജൂബിൻ ജേക്കബിനെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. കോട്ടയം സി എം എസ് കോളേജിലെ കെ എസ് യു പ്രവർത്തകനും രാജീവ് ഗാന്ധി ഫൗണ്ടേഷൻ കോട്ടയം ജില്ലാ പ്രസിഡന്റുമായ ജൂബിൻ, അഞ്ചു കിലോമീറ്ററിനുള്ളിൽ എട്ട് വാഹനങ്ങളിലാണ് ഇടിച്ചത്.
കോട്ടയം സി എം എസ് കോളേജ് മുതൽ പനമ്പാലം വരെ അപകടകരമായ രീതിയിൽ ഫോർച്യൂണർ ഓടിക്കുകയായിരുന്നു. ചുങ്കം മുതൽ വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ജൂബിനെ നാട്ടുകാരും മറ്റ് യാത്രികരും പിന്തുടർന്നു. ഒടുവിൽ കുടമാളൂരിന് സമീപം റോഡരികിലെ മരത്തിലിടിച്ചാണ് കാർ നിന്നത്. വാഹനത്തിൽനിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടുത്തു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

