Site iconSite icon Janayugom Online

മദ്യലഹരിയിൽ കൊലപാതകം; പെൺസുഹൃത്തിന് സന്ദേശം അയച്ചത് തർക്കമായി

കോട്ടയം പാലായിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസിനെ(29) കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ആലപ്പുഴ വാടയ്ക്കൽ പള്ളിപ്പറമ്പിൽ പി വി വിനീഷിനെ(27)യാണ് പാലാ കോടതി റിമാൻഡ് ചെയ്തത്. വിനീഷിൻ്റെ പെൺസുഹൃത്തിന് ബിബിൻ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരുവരും മദ്യലഹരിയിലായിരിക്കെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ലെയ്ത്ത് നിർമ്മാണ ഉപകരാറുകാരനായ ബിബിനും ഇയാളുടെ ജോലിക്കാരനായ വിനീഷും പാലായിൽ ഒരു വീടിൻ്റെ നിർമ്മാണ ജോലിക്ക് എത്തിയതായിരുന്നു. വീടിന്റെ പാലുകാച്ചലിനോടനുബന്ധിച്ച് ഉടമ നടത്തിയ പാർട്ടിയിൽ പങ്കെടുത്ത ഇരുവരും തെക്കേക്കരയിലെ സ്വകാര്യ അപ്പാർട്ട്മെൻ്റിന് മുന്നിൽ വ്യാഴം രാത്രിയാണ് മദ്യ ലഹരിയിൽ വാക്കുതർക്കമുണ്ടായത്. കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച ബിബിൻ മരിച്ചു. ഈ വിവരം അറിയാതെ പരിക്കുകളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്.

പാലാ ഡിവൈഎസ്പി കെ സദൻ, എസ്എച്ച്ഒ പി ജെ കുര്യാക്കോസ്, എസ്ഐമാരായ കെ ദിലീപ്കുമാർ, എജിസൻ പി ജോസഫ്, ജൂനിയർ എസ്ഐ എസ് എസ് ഷിജു, പ്രോബേഷൻ എസ്ഐ ബി ബിജു, സിപിഒമാരായ ജോബി കുര്യൻ, ജോസ്ചന്ദർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version