ദുബായ് എക്‌സ്‌പോ 2020 നോടോപ്പം നടക്കുന്ന ലോകചാമ്പ്യന്ഷിപ്പ് ഫൈനലിന്റെ ഉദ്ഘാടനച്ചടങ്ങ് ഇന്ന് രാത്രി 9.30 ന് ദുബായ് ഒപ്പേറ ഹാളില്‍ അരങ്ങേറും. ഒരു ദശാബ്ദത്തിലേറെ ലോക ഒന്നാം നമ്പര്‍ താരവും 2013 മുതല്‍ അനിഷേദ്ധ്യ ലോക ചാമ്പ്യനുമായ മാഗ്‌നസ് കാള്‍സണെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത് റഷ്യാക്കാരനായ ലോക അഞ്ചാം നമ്പര്‍ താരം യാന്‍ നെപ്പോമ്‌നിയാച്ചിയാണ്. പഴയകാല സുഹൃത്തുക്കളായ ഇരുവരും സൗഹൃദം തങ്ങളുടെ വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് അല്‍പ്പം പോലും മൂര്‍ച്ച കുറക്കുകയില്ല എന്ന് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ദൗര്‍ബല്യങ്ങളില്ലാത്ത കളിക്കാരന്‍ എന്ന് പുകള്‍ പെറ്റ കാള്‍സന്റെ ചെസ്സ് കരുത്തിലെ ‘അക്കിലസ് ഉപ്പുറ്റി’ ഏതെന്ന് തേടിയാവും നെപ്പോയുടെ ആക്രമണ പദ്ധതികള്‍. ലോകത്തെ ഏറ്റവും കരുത്തനാണ് താന്‍ എന്ന ബോദ്ധ്യത്തോടെ അങ്കത്തിനിറങ്ങുന്ന കാള്‍സനെ വീഴ്ത്താനുള്ള കരുത്ത് തനിക്കുണ്ട് എന്ന് പ്രകടമായി സൂചിപ്പിക്കുന്ന ശരീരഭാഷയുമായാണ് നെപ്പോ ഇന്ന് പ്രത്യക്ഷപ്പെട്ടത്. 26ന് രാത്രി ഇന്ത്യന്‍ സമയം 9.30 ന് ദുബായ് എക്‌സ്‌പോ ഉത്സവനഗിരിയില്‍ സ്ഥിതി ചെയ്യുന്ന എക്‌സിബിഷന്‍ ഹാളില്‍ ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ കരുനീക്കം നടക്കും. 14.90 കോടി രൂപക്ക് തുല്യമാണ് സമ്മാനത്തുക. അതില്‍ വിജയിക്ക് 60 ശതമാനവും പരാജിതന് 40 ശതമാനവും ലഭിക്കും. നിലനിന്നിരുന്ന 12 ഗെയിമുകളുടെ മത്സരക്രമം ഇത്തവണ 14 ആയി ഉയര്‍ത്തപ്പെട്ടത് വാശിയും വീറുമേറിയ പോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
English summary; Dubai Expo 2020; The opening ceremony of the championship final
You may also like this video;