ദുബായിൽ നടക്കുന്ന വേൾഡ് എക്‌സ്‌പോയുടെ ഒരുക്കങ്ങൾക്കായി യു. എ.ഇ സന്ദർശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. കേന്ദ്ര നടപടി പ്രതിഷേധാർഹമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. എക്‌സ്‌പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൃത്യമായ കാരണം പറഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്നാണ് വേൾഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച എക്‌സ്‌പോ അടുത്ത വർഷം മാർച്ച് 31 നാണ് അവസാനിക്കുക. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണിത്. എക്‌സ്‌പോ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേധാവികളെ അയക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
English Summary: Dubai Expo: Center denies travel permit to Principal Secretary, Industries Department
You may like this video also