Site iconSite icon Janayugom Online

പരീക്ഷ നടന്നില്ല നഴ്സിങ് വിദ്യാര്‍ത്ഥികള്‍ മൂന്ന് വര്‍ഷമായി ഒന്നാം വര്‍ഷ ക്ലാസില്‍

പരീക്ഷ യഥാസമയം നടക്കാത്തതിനാല്‍ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ മൂന്നു വര്‍ഷമായി ഒന്നാം വര്‍ഷ ക്ലാസില്‍ പഠിക്കുന്നു. പരീക്ഷ നടക്കാത്തതിനാല്‍ അടുത്ത ക്ലാസിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടാത്തതാണ് കാരണം. നിരവധി കോളജുകളിലായി 15,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ പ്രശ്നം നേരിടുന്നുണ്ടെന്ന് ഭോപ്പാലിലെ റോഷന്‍ ഹോസ്പിറ്റല്‍ കോളജ് ഓഫ് നഴ്സിങ്ങില്‍ പഠിക്കുന്ന ശിവ സിങ് ഡാങ്കി പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഴ്സിങ് കോളജുകള്‍ക്ക് അംഗീകാരം നല്കുകയും പരീക്ഷ നടത്തുകയും ചെയ്യേണ്ട ജബല്‍പൂരിലെ മധ്യപ്രദേശ് മെഡിക്കൽ സയൻസ് യൂണിവേഴ്‌സിറ്റി (എംപിഎംഎസ്‌യു)യുടെ വീഴ്ചയാണ് പരീക്ഷ നടത്തിപ്പിന് കാലതാമസമുണ്ടാക്കിയത്.

കോളജുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് 2020ല്‍ അംഗീകാരത്തിന് അപേക്ഷ നല്കിയെങ്കിലും അതുണ്ടായില്ല. അതേസമയം അംഗീകാരം പ്രതീക്ഷിച്ച് വിദ്യാര്‍ത്ഥി പ്രവേശം നടത്തുകയും ചെയ്തു. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഒരേ ക്ലാസില്‍ മൂന്നുവര്‍ഷം പഠിക്കേണ്ടി വരികയായിരുന്നു. മൂന്നുവര്‍ഷത്തോളമായി നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് അംഗീകാരം നല്കിയതിന്റെ കത്ത് നല്കുകയും പരീക്ഷ നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോ­ള്‍. എന്നാല്‍ പെട്ടെന്നുള്ള നടപടി സാധിക്കില്ലെന്ന് കാട്ടി കോളജ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. വളരെ പെട്ടെന്ന് പരീക്ഷ നടത്തുക എളുപ്പമല്ലെന്ന് കാട്ടിയായിരുന്നു ഹര്‍ജി. ഇത് പരിഗണിച്ച കോടതി പരീക്ഷ റദ്ദാക്കുകയും കൂടുതല്‍ വാദത്തിന് മാറ്റി വച്ചിരിക്കുകയുമാണ്.

തുച്ഛമായ വരുമാനം ലഭിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് വലിയ തുക ഫീസ് നല്കിയും വാടകയ്ക്ക് താമസിച്ചും നഴ്സിങ് പഠനം നടത്തുന്നത്. വിദേശ ജോലിയുള്‍പ്പെടെ സ്വപ്നം കണ്ട് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അധികൃതരുടെ അനാസ്ഥ കാരണം മൂന്നുവര്‍ഷം പാഴായത്. പരീക്ഷ എ­പ്പോ­ള്‍ നടക്കുമെന്നോ കോഴ്സ് എപ്പോള്‍ പൂര്‍ത്തിക്കാനാകുമെന്നോ നിശ്ചയമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

Eng­lish Sum­ma­ry: ‘Due To Delays In Exam, Nurs­ing Stu­dents In MP, Are In 1st Year For 3 Years’
You may also like this video

Exit mobile version