Site iconSite icon Janayugom Online

മോഡിയുടെ ദേശസ്നേഹത്തില്‍ ഇരട്ടത്താപ്പ്; ഖാദികൊണ്ടുള്ള ദേശീയ പതാക നിര്‍മ്മാണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു

ദേശീയ പതാകയ്ക്കായി യന്ത്രനിര്‍മ്മിത പോളിസ്റ്റര്‍ തുണി ഉപയോഗിക്കാമെന്ന കേന്ദ്രനയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ദേശീയ പാരമ്പര്യം ഉയര്‍ത്തിക്കാണിക്കുന്നതിനായി ത്രിവര്‍ണ പതാക നിര്‍മ്മാണത്തിന് ഖാദി മാത്രം ഉപയോഗിക്കണമെന്ന ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന് ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തില്‍ സോണിയ ആവശ്യപ്പെട്ടു. ദേശീയ പതാകയെയും അതിന്റെ ആദരവും ഉയര്‍ത്തിക്കാണിക്കുന്നതിനെന്ന പേരില്‍ സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച മുമ്പായി ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ടിരുന്നു. ഖാദിക്ക് പകരം യന്ത്രനിര്‍മ്മിത പോളിസ്റ്റര്‍ തുണികളിലുണ്ടാക്കിയ ത്രിവര്‍ണ പതാകകള്‍ ഉപയോഗിക്കാമെന്ന് ആഹ്വാനം ചെയ്തും ഇതിനാവശ്യമായ അസംസ്കൃതവസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തും ദേശീയ പതാകയെ ആദരിക്കുന്നതില്‍ മോഡി ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും സാേണിയ പറഞ്ഞു. 

പരമ്പരാഗതമായി ഇന്ത്യന്‍ ദേശീയ പതാക കൈകൊണ്ട് നൂല്‍ക്കുന്ന ഖാദിയാണ് ഉപയോഗിച്ചുള്ളതാണ്. ഗാന്ധിജി ചര്‍ക്കയില്‍ നെയ്തെടുത്ത വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ചരിത്രവും സാംസ്കാരികപരവുമായി ബന്ധമുള്ള ഖാദിക്ക് ഏറെ പ്രാധാന്യമുണ്ട്. 2022ല്‍ സ്വാതന്ത്ര ദിനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 2021 ഡിസംബര്‍ 30ന് പുറത്തിറത്തിറക്കിയ ഉത്തരവിലാണ് ദേശീയ പതാക നിര്‍മ്മാണത്തിന് പോളിസ്റ്റര്‍ തുണികള്‍ ഉപയോഗിക്കാമെന്ന് പറയുന്നത്. അതേ ഉത്തരവില്‍ത്തന്നെ ഇത്തരം ദേശീയ പതാകയുടെ ചരക്ക് സേവന നികുതിയെടുത്തുകളയുകയും ഖാദി പതാകയ്ക്ക് തുല്യമായ നികുതിയേര്‍പ്പെടുത്തുകയുമായിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. 

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) അംഗീകാരമുള്ള രാജ്യത്തെ ഏക ദേശീയ പതാക നിർമ്മാണ യൂണിറ്റായ കർണാടകയിലെ ഹുബ്ബള്ളി ജില്ലയിലെ കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘ (കെകെജിഎസ്എസ്)ത്തിന് ഖാദി വ്യവസായത്തിന് നേരെ നടന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ അനിശ്ചിതകാല പണിമുടക്ക് നടത്തേണ്ടി വന്നതായും സോണിയഗാന്ധി ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പോളിസ്റ്ററിന്റെ ആഗോള നിര്‍മ്മാതാക്കളില്‍ നിന്ന് പ്രധാന ഇറക്കുമതിക്കാരായി ഇന്ത്യ മാറിയ 2023, 24 വര്‍ഷങ്ങളിലാണ് ഈ തീരുമാനം നടപ്പാക്കിയതെന്നതും ശ്രദ്ധേയമാണ്. ദേശീയ പതാകയുടെ കാര്യത്തില്‍ മാത്രമല്ല, ഇന്ത്യയുടെ കൈത്തറി, കരകൗശല പാരമ്പര്യത്തോട് മൊത്തമായി കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയുടെ ദൃഷ്ടാന്തമാണെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version