Site iconSite icon Janayugom Online

ഡ്യൂട്ടി ബഹിഷ്കരണം: ജീവനക്കാരിൽ നിന്നും നഷ്ടം തിരിച്ചുപിടിക്കാന്‍ കെഎസ്ആര്‍ടിസി

സർവീസ് പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സർവീസ് മുടക്കിയത് കാരണം നഷ്ടം ഉണ്ടാക്കിയ ജീവനക്കാരിൽ നിന്നും തുക തിരിച്ച് പിടിക്കാന്‍ കെഎസ്ആര്‍ടിസി ഉത്തരവ് ഇറക്കി. നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ അഞ്ചു തുല്യ ​ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്.

കഴിഞ്ഞ ദിവസം സർവീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവൻ, സിറ്റി, പേരൂർക്കട ഡിപ്പോകളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. പാപ്പനംകോട് ഡിപ്പോയിൽ നിന്നും സർവീസ് മുടക്കിയതിനെ തുടർന്ന് വരുമാന നഷ്ടമുണ്ടായ 1,35,000 രൂപ എട്ടു കണ്ടക്ടർമാരിൽ നിന്നും തിരിച്ചുപിടിക്കും. വികാസ് ഭവനിലെ നഷ്ടമായ 2,10,382 രൂപ 13 ഡ്രൈവർമാര്‍, 12 കണ്ടക്ടർമാര്‍ എന്നിവരില്‍ നിന്നും ഈടാക്കും.
സിറ്റി യൂണിറ്റിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നുമായി 2,74,050 രൂപ, പേരൂർക്കട ഡിപ്പോയിലെ 25 കണ്ടക്ടർമാരിൽ നിന്നും 25 ഡ്രൈവർമാരിൽ നിന്നുമായി 3,30,075 രൂപ എന്നിവയും തിരിച്ചുപിടിക്കണമെന്ന് ഉത്തരവിലുണ്ട്. കൂടാതെ 2021 ജൂലൈ 12 ന് സ്പ്രെഡ് ഓവര്‍ ഡ്യൂട്ടി നടത്തിപ്പിൽ പ്രതിഷേധിച്ച് പാറശാല ഡിപ്പോയിലെ എട്ട് ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടർന്ന് സർവീസ് റദ്ദാക്കിയിരുന്നു. ഇതില്‍ ഉണ്ടായ നഷ്ടമായ 40,277 രൂപ എട്ട് ജീവനക്കാരിൽ നിന്നും തുല്യമായി തിരിച്ചു പിടിക്കാനും ഉത്തരവിട്ടു.

Eng­lish Sum­ma­ry: Duty boy­cott: KSRTC to recov­er loss­es from employees
You may also like this video

Exit mobile version