Site iconSite icon Janayugom Online

ലക്ഷങ്ങളുടെ തട്ടിപ്പു്; തൃശൂരില്‍ ഡിവൈഎസ്‌പിയുടെ ഭാര്യ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ് പി കെ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്തിനെ അറസ്റ്റുചെയ്തു. നുസ്രത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ ഒമ്പത് തട്ടിപ്പ് കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വിവരണം.

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ തട്ടിപ്പ്. മലപ്പുറം പൊലീസ് ഇന്നലെ തൃശൂര്‍ ചേർപ്പിലെ വീട്ടിൽനിന്നാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തിച്ച ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. സ്വാധീനമുപയോഗിച്ച് നുസ്രത്ത് അറസ്റ്റ് ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവർ കോടതിയെ സമീപിച്ചിരുന്നു. പ്രതിയെ കാണാനില്ലെന്ന് പൊലീസ് നിരന്തരം കോടതിയെ അറിയിക്കുകയാണെന്ന ആരോപണമാണ് പരാതിക്കാർ ഉന്നയിച്ചത്.

ഹൈക്കോടതി അഭിഭാഷകയെന്ന വ്യാജേന കേസ് നടത്തിപ്പിനും ഒത്തുതീർപ്പാക്കാനും സഹായം വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയതായി ആരോപിച്ചും നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 10 ലക്ഷം മുതല്‍ നഷ്ടമായവരാണ് അധികവും. ടുതല്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് നുസ്രത്തിനെ കോടതിയിൽ ഹാജരാക്കും.

Eng­lish Sam­mury: DyS­P’s wife arrest­ed in lakhs fraud case

Exit mobile version