Site iconSite icon Janayugom Online

പിഎം കിസാൻ പദ്ധതിയിൽ ഇ കെവൈസി പ്രതിസന്ധി; 1.12 കോടി കർഷകർ പുറത്ത്

സാങ്കേതിക തകരാറുകളും ഇ കെവൈസി പൂർത്തിയാക്കുന്നതിലെ വീഴ്ചയും കാരണം രാജ്യത്തെ 1.12 കോടി കർഷകർക്ക് പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം നഷ്ടമായി. 2024 ജൂലൈ മുതൽ നടപ്പിലാക്കിയ കർശന ഇ കെവൈസി മാനദണ്ഡങ്ങളാണ് അർഹരായ കർഷകർ പോലും പട്ടികയിൽ നിന്ന് പുറത്താകാൻ കാരണമായത്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഫേഷ്യൽ ഓതന്റിക്കേഷൻ ആപ്പ് വഴിയും ബയോമെട്രിക് രീതിയിലും കെവൈസി പുതുക്കാൻ ശ്രമിച്ച ലക്ഷക്കണക്കിന് കർഷകർക്ക് സാങ്കേതിക പിഴവുകൾ തിരിച്ചടിയായി. പ്രതിവർഷം 6,000 രൂപ മൂന്ന് ഗഡുക്കളായി കർഷകർക്ക് നൽകുന്ന പദ്ധതിയാണിത്. 2022 ല്‍ പദ്ധതിയുടെ 15-ാം ഗഡു മുതലാണ് ഇ കെവൈസി നിർബന്ധമാക്കിയത്. ഒടിപി വെരിഫിക്കേഷന്‍, അക്ഷയ കേന്ദ്രങ്ങൾ വഴിയോ പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ബയോമെട്രിക് ഓതന്റിക്കേഷൻ, ആപ്പ് ഉപയോഗിച്ച് ഫേഷ്യൽ ഓതന്റിക്കേഷൻ എന്നീ മൂന്ന് മാര്‍ഗങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 

ആപ്പ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ 1.12 കോടി കർഷകർക്കും ‘കെവൈസി പൂർത്തിയായില്ല’ എന്ന മറുപടിയാണ് ലഭിക്കുന്നത്. വീണ്ടും ബയോമെട്രിക് പരിശോധന നടത്തിയവർക്കും ‘യോഗ്യരല്ല’ എന്ന സന്ദേശം ലഭിക്കുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. പല കർഷകരുടെയും ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരുകൾ നിലവിലില്ല. മൊബൈൽ റീചാർജ് നിരക്ക് വർധിച്ചതോടെ പലരും കണക്ഷൻ ഉപേക്ഷിച്ചതും ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ തടസപ്പെടുത്തി.
പ്രായമായ കർഷകരുടെയും കഠിനമായ ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നവരുടെയും വിരലടയാളം പതിയാത്തത് വലിയ പ്രതിസന്ധിയായി. വിദൂര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്ത് പരിശോധന നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടും പലരെയും പിന്നോട്ടടിച്ചു. പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയും പദ്ധതിയിൽ നിന്ന് കർഷകർ പുറത്താകാൻ കാരണമാകുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 

മുഖം തിരിച്ചറിയാനുള്ള മൊബൈൽ ആപ്പുകൾ പലപ്പോഴും പ്രവർത്തനരഹിതമാകുന്നു. വെളിച്ചക്കുറവ് കാരണവും കുറഞ്ഞ വിലയുള്ള സ്മാർട്ട് ഫോണുകൾ വഴിയും ഇത് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ഇ കെവൈസി പൂർത്തിയാക്കാൻ സാധിക്കാത്ത കേസുകൾ കൃത്യമായി പരിശോധിച്ച് പരിഹരിക്കുന്നതിന് പകരം അത്തരം അപേക്ഷകരെ ‘അയോഗ്യരുടെ’ പട്ടികയിൽ ഉൾപ്പെടുത്തുന്ന രീതിയാണ് പലയിടത്തും നടക്കുന്നത്. ആന്ധ്രാപ്രദേശിലെ ആദിവാസി കർഷകർക്കിടയിൽ നടത്തിയ പഠനത്തിൽ, യോഗ്യരായ 40% പേരും ഇത്തരത്തിൽ പുറത്തായതായി കണ്ടെത്തി.
അർഹരായ കർഷകർക്ക് സാങ്കേതിക കാരണങ്ങളാൽ സഹായം നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ‘ജീവിക്കാനുള്ള അവകാശത്തിന്റെ’ ലംഘനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കർഷകർക്ക് സഹായമെത്തിക്കാൻ സർക്കാർ ‘വികസിത് ഭാരത് സങ്കല്പ് യാത്ര’ പോലുള്ള പരിപാടികൾ സംഘടിപ്പിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളും ജീവനക്കാരുടെ കുറവും കാരണം ഇവ പൂർണമായി ഫലം കാണുന്നില്ല. കൃത്യമായ പരിശോധനകൾ നടത്തി അർഹരായ കർഷകർക്ക് ആനുകൂല്യം ഉറപ്പാക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. 

Exit mobile version