Site iconSite icon Janayugom Online

ആദ്യകാല ചലച്ചിത്ര, നാടക നടിയും പിന്നണി ഗായികയുമായ സി എസ് രാധാദേവി അന്തരിച്ചു

ആദ്യകാല മലയാള ചലച്ചിത്ര, നാടക നടിയും പിന്നണി ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സ്റ്റാച്യു ഉപ്പളം റോഡ് മാളികപ്പുരയ്ക്കൽ (ഉപ്പളം റോഡ് റസിഡൻഷ്യൽ അസോസിയേഷൻ, ഹൗസ് നമ്പർ 75) സി എസ് രാധാദേവി (94) അന്തരിച്ചു. വഞ്ചിയൂർ മേടയിൽ ശിവശങ്കരപ്പിള്ളയുടെയും ചെല്ലമ്മയുടെയും മകളായി 1931ലാണ് ജനനം. 13ാം വയസില്‍ ടി എൻ ഗോപിനാഥൻ നായരുടെ നാടകത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു രാധാദേവിയുടെ തുടക്കം. 1944ൽ യാചകമോഹിനി, അംബികാപതി (തമിഴ്) എന്നീ സിനിമകളിൽ ബാലനടിയായി. 1948ൽ തിക്കുറിശി അഭിനയിച്ച പ്രസിദ്ധമായ സ്ത്രീ എന്ന സിനിമയിൽ അഭിനയിച്ചു. 

നല്ല തങ്ക എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പം രാധാദേവി പാടിയിട്ടുണ്ട്. അവകാശി, ഹരിചന്ദ്ര, മന്ത്രവാദി, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, പൂത്താലി, ഭക്തകുചേല തുടങ്ങി ഇരുപതിലധികം സിനിമകളിൽ പിന്നണി പാടി. അവയിൽ അധികവും കമുകറയുമൊത്തുള്ള ഗാനങ്ങളായിരുന്നു. ബ്രദർ ലക്ഷ്മണയായിരുന്നു സംഗീതസംവിധായകൻ. 1942 മുതൽ ആകാശവാണിയിൽ സ്ഥിരം ആർട്ടിസ്റ്റായിരുന്നു. ഡബ്ബിങ് രംഗത്തെത്തിയ രാധാദേവി മലയാളത്തിൽ സീത, ജ്ഞാനസുന്ദരി, സ്നാപക യോഹന്നാൻ, ഭക്തകുചേല, കടൽ, ആന വളർത്തിയ വാനമ്പാടി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന പരേതനായ എൻ നാരായണൻ നായരാണ് ഭർത്താവ്. ഭാർഗവീനിലയം എന്ന സിനിമയിൽ വിജയനിർമല അവതരിപ്പിച്ച ഭാർഗവിക്ക് ശബ്ദം നൽകിയ സി എസ് സുഭദ്ര (കണ്ണമ്മ) സഹോദരിയാണ്. കേരള സംഗീതനാടക അക്കാദമിയുടെ അവാർഡ്, ഗുരുപൂജാ പുരസ്കാരം, ടാഗോർ ജയന്തി അവാർഡ്, സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം, നാട്യഗൃഹം അവാർഡ് തുടങ്ങിയവ ലഭിച്ചു. ആകാശവാണിയിൽ 60 വർഷം പിന്നിട്ടതിനുള്ള പുരസ്കാരവും ലഭിച്ചു. 1989ൽ സെൻസർ ബോർഡ് അംഗമായി. ഏക മകൻ നന്ദഗോപൻ കയര്‍ഫെ‍ഡില്‍ നിന്ന് വിരമിച്ചു. മരുമകള്‍: സുമം. സംസ്കാരം പുത്തൻകോട്ട ശ്മശാനത്തില്‍ നടത്തി.

Exit mobile version