Site iconSite icon Janayugom Online

അസമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത

അസമിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന്‌ രാവിലെ 7:47നാണ് ഭൂചലനമുണ്ടായത്. . ഉദൽഗുരി ജില്ലയുടെ സമീപത്തുള്ള ദരാംഗ്, താമുൽപൂർ, സോനിത്പൂർ, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും ബ്രഹ്മപുത്രയുടെ തെക്കൻ തീരത്തുള്ള മോറിഗാവ്, നാഗോൺ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത്. ആളാപയമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബ്രഹ്മപുത്രയുടെ വടക്കൻ തീരത്തുള്ള ഉദൽഗുരി ജില്ലയിൽ 15 കിലോമീറ്റർ ആഴത്തിലാണ്‌ ഭൂചലനമുണ്ടായതെന്ന്‌ നാഷണൽ സെന്റർ ഫോർ സീസ്മോളജി(എൻസിഎസ്‌) റിപ്പോർട്ടിൽ പറഞ്ഞു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ നിന്ന് 48 കിലോമീറ്റര്‍ പടിഞ്ഞാറും അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപവുമാണ്. പടിഞ്ഞാറൻ അരുണാചൽപ്രദേശിലും കിഴക്കൻ ഭൂട്ടാന്റെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് എൻസിഎസ്‌ റിപ്പോർട്ടിൽ പറഞ്ഞു.

Exit mobile version