Site iconSite icon Janayugom Online

ജപ്പാനില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ജപ്പാനിലെ കാലാവസ്ഥാ ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റര്‍ അറിയിച്ചു. ഹ്യൂഗ‑നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു മീറ്റർ ഉയരത്തിൽ സുനാമി തിരകൾക്ക് സാധ്യതയുണ്ട്. മിയാസാക്കി, കൊച്ചി പ്രിഫക്ചറുകളിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 

എന്നാൽ, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏകദേശം 4,00,000 പേർ അധിവസിക്കുന്ന നഗരമാണ് മിയാസാക്കി. നഗരത്തിന് സമീപമുള്ള ഇകാറ്റ, സെൻഡായി ആണവനിലയങ്ങളിൽ അസ്വാഭാവികതകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാർത്താ ചാനലായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. തീരമേഖലയിൽനിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി നിർദേശം നൽകി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് ക്യൂഷു, ഷിക്കോകു എന്നീ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ദ്വീപുകളിൽ യഥാക്രമം 6.9, 7.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. 

Exit mobile version