Site iconSite icon Janayugom Online

ആൻഡ്രോയിഡില്‍ ഇനി ഭൂചലന മുന്നറിയിപ്പ്

ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളില്‍ ഭൂചലന മുന്നറിയിപ്പ് ലഭ്യമാക്കാനൊരുങ്ങി ഗൂഗിള്‍. ദേശീയ ദുരന്ത നിവാരണ അതോറിട്ടിയും നാഷണല്‍ സീസ്മോളജി സെന്ററുമായി ചേര്‍ന്നാണ് പുതിയ സംവിധാനം തയ്യാറാക്കുന്നത്. ഇതിലൂടെ പ്രദേശത്ത് ഭൂചലന സാധ്യതയുണ്ടെങ്കില്‍ ഫോണുകളിലേക്ക് മുന്നറിയിപ്പ് ലഭിക്കും.
സീസ്മോമീറ്ററുകളായി പ്രവര്‍ത്തിപ്പിക്കാൻ ശേഷിയുള്ള ചെറു ആക്സിലറോമീറ്ററുകള്‍ ഉപയോഗിച്ചാണ് ഗൂഗിള്‍ മുന്നറിയിപ്പുകള്‍ ലഭ്യമാക്കുന്നത്. ഫോണ്‍ ചാര്‍ജിലിട്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്രദേശത്തുണ്ടാകുന്ന ഭൂചലനത്തിന്റെ ആദ്യ കമ്പനം പോലും തിരിച്ചറിയാനാകുമെന്നും മേഖലയിലെ കൂടുതല്‍ ഫോണുകളില്‍ ഇങ്ങനെ കമ്പന വിവരം തിരിച്ചറിഞ്ഞാല്‍ ഭൂചലനസാധ്യത ഉള്ളതായി കണക്കാക്കുന്ന രീതിയിലാണ് സംവിധാനം തയ്യാറാക്കിയിട്ടുള്ളത്.
ഭൂകമ്പ സാധ്യത സ്ഥിരീകരിച്ചാല്‍ ഫോണുകളിലേക്ക് മുന്നറിയിപ്പുകള്‍ ലഭിക്കും. ഇന്റര്‍നെറ്റ് സിഗ്നലുകള്‍ പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്നതായും അതിനാല്‍ ഭൂചലനത്തിന് സെക്കന്റുകല്‍ക്ക് മുമ്പ് മുന്നറിയിപ്പ് ലഭ്യമാകുമെന്നും ഗുഗിള്‍ പറഞ്ഞു. ഭൂചലനമുണ്ടാകുന്ന സമയത്ത് സുരക്ഷിതമായിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മുന്നറിയിപ്പുകള്‍ ലഭ്യമാക്കും.
ഇന്റര്‍നെറ്റ്/വൈഫൈ സംവിധാനമുള്ള ഫോണുകളിലാകും മുന്നറിയിപ്പ് ലഭിക്കുക. കൂടാതെ ഭൂചലന മുന്നറിയിപ്പ് സംവിധാനവും പ്രദേശം തിരിച്ചറിയുന്നതിന് ലൊക്കേഷനും ഓണ്‍ ചെയ്തിട്ടുണ്ടായിരിക്കണം. മുന്നറിയിപ്പ് സന്ദേശം ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് സംവിധാനം ഓഫ് ചെയ്തിടാമെന്നും ഗൂഗിള്‍ അറിയിച്ചു. ആൻഡ്രോയിഡ് വേര്‍ഷന്‍ 5.0 മുതലുള്ള ഫോണുകളിലും ഇനി പുറത്തിറക്കുന്ന ഫോണുകളിലും സംവിധാനം ലഭിക്കും. പ്രാദേശിക ഭാഷകളിലാകും മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിക്കുക.

Eng­lish sum­ma­ry; Earth­quake warn­ing on Android

you may also like this video;

Exit mobile version