Site iconSite icon Janayugom Online

നേപ്പാളിലും ടിബറ്റിലും ഭൂചലനം; 125 മരണം, 130 പേര്‍ക്ക് പരിക്കേറ്റു

ടിബറ്റിലും നേപ്പാളിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 125 മരണം. 130 പേര്‍ക്ക് പരിക്കേറ്റു. റിക്‌ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂട്ടാനിലും ചൈനയിലും അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്‌സെയിലെ ടിൻഗ്രി കൗണ്ടിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടിബറ്റന്‍ മേഖലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം. ഒരു മണിക്കൂറിനിടെ അതിശക്തമായ ആറ് ഭൂചലനങ്ങളാണ് ഉണ്ടായത്. രാവിലെ 6.35ന് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടാകുന്നു. തൊട്ടുപിന്നാലെ 4.7, 4.9 തീവ്രതയുള്ള രണ്ട് തുടര്‍ചലനങ്ങളുമുണ്ടായി.

ടിബറ്റ് മേഖലയില്‍ ചാങ്സുവോ, ക്വില്‍വോ, കുവോഗുവോ ടൗണ്‍ഷിപ്പുകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‌തു. ആയിരത്തിലധികം കെട്ടിടങ്ങൾ തക‍ർന്നു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോ​ഗമിക്കുന്നു. എട്ട് ലക്ഷത്തിലധികം ജനസംഖ്യയുള്ള ഷിഗാറ്റ്‌സെ പഞ്ചന്‍ ലാമയുടെ ആസ്ഥാനം കൂടിയാണ്. ചൈനീസ് വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. നേപ്പാളില്‍ കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയില്‍ ബിഹാറിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ പട്‌നക്ക് പുറമെ പൂർണിയ, മധുബാനി, ശിവഹാർ, സമസ്‌തിപൂർ, മുസാഫർപൂർ, മോത്തിഹാരി, സിവാൻ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ പകുതിയിലധികം ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. കൊൽക്കത്തയിലും പ്രകമ്പനം രേഖപ്പെടുത്തി. 

Exit mobile version