ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) എബോള വ്യാപനം രൂക്ഷമാകുന്നു. രോഗം ബാധിച്ച് 31 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. രാജ്യത്തെ മധ്യ പ്രവിശ്യയായ കസായിയിൽ 48 എബോള കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.
ബുലാപെ ആരോഗ്യ മേഖലയിലെ എബോള കേന്ദ്രത്തിൽ 15 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും, ഇതിൽ രണ്ടുപേർ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥൻ പാട്രിക് ഒട്ടിം സിൻഹുവ വാർത്താ ഏജൻസിയോട് പറഞ്ഞു. സെപ്റ്റംബർ 4നാണ് ആദ്യത്തെ എബോള കേസ് റിപ്പോർട്ട് ചെയ്തത്. 900ൽ അധികം കോൺടാക്റ്റുകളെ തിരിച്ചറിഞ്ഞതായും പാട്രിക് വ്യക്തമാക്കി. രോഗികൾക്ക് മോണോക്ലോണൽ ആൻ്റിബോഡി തെറാപ്പി നൽകി വരുന്നുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും സാധ്യതാ സമ്പര്‍ക്കപ്പട്ടികയിൽ ഉള്ളവർക്കും 500‑ൽ അധികം ആരോഗ്യ പ്രവർത്തകർക്കും വാക്സിനേഷൻ നൽകി വരികയാണ്. രാജ്യത്ത് 3500 വാക്സിൻ ഡോസുകൾ ലഭ്യമാണെന്നും, കിൻഷാസയിൽ ഉടൻ അധിക ഡോസുകൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

