ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പരിസ്ഥിതി ലോല മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ കേരളം ഒറ്റക്കെട്ട്. സുപ്രീം കോടതി വിധി പ്രകാരം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിശ്ചയിക്കണമെന്നതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വനം-വന്യജീവി മന്ത്രി എ കെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ പ്രകാരം പൊതുതാല്പര്യം പരിഗണിച്ച് സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കി ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുന്നതിനും സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും കേന്ദ്രം നിയമ നിര്‍മ്മാണം നടത്തണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിയമസഭ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധി, ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള കേരള സംസ്ഥാനത്തിന്റെ 30 ശതമാനത്തോളം വനവും ആകെ ഭൂപ്രദേശത്തിന്റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും കൂടാതെ നിരവധി തടാകങ്ങളും കായലുകളും നെല്‍വയലുകളും മറ്റ് തണ്ണീര്‍ത്തടങ്ങളും അടങ്ങിയിട്ടുള്ളതാണ്. സംസ്ഥാനത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 900ത്തിന് മുകളിലും ഇപ്പോഴത്തെ ജനസംഖ്യ 3.5 കോടിയുമാണ്.
ജനവാസത്തിന് അനുയോജ്യമായ പ്രദേശങ്ങള്‍ സംസ്ഥാനത്ത് വളരെ കുറവാണ്. ഈ കാരണങ്ങളാല്‍ ജനവാസ മേഖലകള്‍ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് സോണിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. അന്തിമ തീരുമാനം വരാനിരിക്കെയാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി വന്നിട്ടുള്ളത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വിധി നടപ്പിലാക്കിയാല്‍ അത് സംസ്ഥാനത്തിന്റെ പൊതുതാല്പര്യത്തെ ബാധിക്കുന്നതും ജനജീവിതം ദുരിതത്തിലാക്കുന്നതുമാകും. അപ്രകാരം മേഖല നിശ്ചയിക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാര്‍ 2011 ഫെബ്രുവരി ഒമ്പതിന് വിജ്ഞാപനം ചെയ്ത മാനദണ്ഡങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിന് വിവിധ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതാണെന്നും പ്രമേയത്തില്‍ പറഞ്ഞു.
English Summary: Eco-sensitive zone excluding residential areas: Central government should make a law
You may like this video also