Site iconSite icon Janayugom Online

വൈദ്യുതോപഭോഗം റെക്കോഡില്‍

സംസ്ഥാനത്ത് വൈദ്യുതോപഭോഗം റെക്കോഡിലെത്തി. ഇന്നലെ രാവിലെ വരെ സംസ്ഥാനത്തെ വൈദ്യുതോപഭോഗം 92.0416 ദശലക്ഷം യൂണിറ്റായി കുതിച്ചുയർന്നു. തുടർച്ചയായി രണ്ട് ദിവസവും സംസ്ഥാനത്തെ വൈദ്യുതോപഭോഗം 90 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. ഉപഭോഗം വർധിച്ചതോടെ പുറത്ത് നിന്നുള്ള വൈദ്യുതിയുടെ അളവ് 79.7 ശതമാനമായി വർധിപ്പിക്കേണ്ടി വന്നു. കടുത്ത ചൂടിനൊപ്പം എസ്എസ്എൽസി-ഹയർ സെക്കൻഡറി പരീക്ഷകൾ കൂടി നടക്കുന്നതിനാൽ ഗാർഹിക വൈദ്യുതോപയോഗവും കുതിച്ചു കയറിയതാണ് വൈദ്യുതോപഭോഗം റെക്കോഡിലെത്തിച്ചത്.

മുൻ വർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ സർവകാല റെക്കോഡായ 92.8819 ദശലക്ഷം യൂണിറ്റ് മറി കടന്നില്ലെങ്കിലും ഈ വർഷത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതേസമയം ഇന്നലെ വൈകിട്ട് സംസ്ഥാനത്ത് വേനൽമഴയുടെ ആരംഭം സൂചിപ്പിച്ച് മഴയെത്തിയത് കെഎസ്ഇബിക്ക് അല്പം ആശ്വാസം നൽകും. ഇന്നലെ വൈകീട്ടോടെ വൈദ്യുതോപഭോഗത്തിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ ജലാശയങ്ങളിലെ ആകെ ജലശേഖരം സംഭരണശേഷിയുടെ നേർ പകുതിയാണ്. പ്രധാന വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കിയിൽ ഇന്നലെ 45 ശതമാനം വെള്ളമാണുള്ളത്. കാലവർഷത്തിന് 78 ദിവസങ്ങൾകൂടി അവശേഷിക്കുന്നുണ്ട്. വേനൽമഴ ശക്തമായാൽ സ്ഥിതി മെച്ചപ്പെടുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.

Eng­lish Sum­ma­ry: elctric­i­ty con­sump­tion increased
You may also like this video

Exit mobile version