Site iconSite icon Janayugom Online

ബിഹാറില്‍ ഇഡിയും ഇറങ്ങി

lalulalu

മഹാസഖ്യ സർക്കാർ വീണതിന് പിന്നാലെ റെയിൽവേ ഭൂമി കുംഭകോണ കേസിൽ ഉൾപ്പെട്ട ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്.
പട്‌നയിലുള്ള ഇഡി ഓഫിസിലാണ് ലാലു ചോദ്യം ചെയ്യലിന് ഹാജരായത്. നിരവധി പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെയാണ് ലാലു ചോദ്യം ചെയ്യലിനെത്തിയത്. പ്രവർത്തകർ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി. മകളായ മിസ ഭാരതിയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഇതൊരു പുതിയ കാര്യമല്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും മിസ ഭാരതി പറഞ്ഞു.

ലാലുവിന്റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് നൽകിയിട്ടുണ്ട്. എന്നാൽ മുൻനിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അദ്ദേഹം ഹാജരാകില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഉപമുഖ്യമന്ത്രിയായിരിക്കെ നേരത്തെ രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല.

അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജ രേഖ ചമയ്‌ക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്‌ട്യാ തന്നെ തെളിഞ്ഞതായി ലാലുവും മകനും അടക്കമുള്ള പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ജൂലൈ മൂന്നിനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ ആണ് ഈ കേസന്വേഷിച്ചിരുന്നത്. പിന്നീട് സിബിഐ നൽകിയ പരാതിയെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇഡി കേസെടുത്തത്.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍ മന്ത്രിയായിരുന്ന കാലത്ത് റെയില്‍വേ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി കോഴയായി വാങ്ങി ജോലി നല്‍കി എന്നതായിരുന്നു കേസ്. 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് സിബിഐ ആരോപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബവുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. പ്രസ്‌തുത റെയ്‌ഡില്‍ 600 കോടിയുടെ അഴിമതി നടന്നതായി തെളിയിക്കുന്ന രേഖകളും മറ്റും കണ്ടെത്തിയതായി ഇഡി അവകാശപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: ED also came down in Bihar

You may also like this video 

Exit mobile version