എ സി മൊയ്തീൻ എംഎൽഎയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിനുവേണ്ടിയുള്ള ഇഡി പരിശോധനയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എ സി മൊയ്തീനെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ പരത്താനുള്ള ബോധപൂർവമായ പരിശ്രമമാണ് ഇതിന് പിന്നിലുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ഇടപെടൽ രാജ്യത്തുടനീളം കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയായുള്ള ഇടപെടലിന്റെ ഭാഗമാണ് ഈ നടപടി.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര തന്നെയാണ് അരങ്ങേറുന്നത്. വലതുപക്ഷ മാധ്യമങ്ങൾ ഇക്കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. യുഡിഎഫ് ആകട്ടെ കേരളത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ പിന്തുണയ്ക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇത് തിരിച്ചറിയാനാവണം.
എ സി മൊയ്തീനെ ഉൾപ്പെടെ അപകീർത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്ട്രീയ ശക്തികളും, ചില മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ചിട്ടുള്ള മാധ്യമ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
English Sammury: ED action against A C Moideen to create misunderstanding among people: CPI(M)