Site iconSite icon Janayugom Online

അഞ്ച് കോടി കോഴ ചോദിച്ച ഇ‍ഡി ഡിഡി അറസ്റ്റില്‍; ആദ്യഗഡുവായി വാങ്ങിയത് 20 ലക്ഷം

അഞ്ച് കോടി കോഴയാവശ്യപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ (ഡിഡി) 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍. ഒഡിഷയിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. ഭുവനേശ്വറിലുള്ള രതികാന്ത റൗട്ട് എന്ന ഖനി വ്യാപാരിയിൽനിന്നാണ് കോഴ വാങ്ങിയത്. അഞ്ചു കോടി കൈക്കൂലിത്തുകയിലെ ആദ്യ ഗഡുവായാണ് 20 ലക്ഷം വാങ്ങിയത്. ധെങ്കനാലില്‍ ഖനന വ്യാപാരം നടത്തുന്ന രതികാന്ത റൗട്ടിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഒഴിവാക്കുന്നതിന് അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. കഴിഞ്ഞ മാര്‍ച്ചില്‍ ചോദ്യം ചെയ്യാന്‍ രതികാന്ത റൗട്ടിനെ ഭുവനേശ്വറിലെ ഇഡി ഓഫിസില്‍ വിളിപ്പിച്ചിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ റൗട്ടിനോട് ഭാഗ്തി എന്ന വ്യക്തിയെ കാണാന്‍ ചിന്തന്‍ രഘുവംശി ആവശ്യപ്പെട്ടു. അന്നു മുതല്‍ ഭാഗ്തി എന്നയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നും രഘുവംശിക്ക് പണം നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് ആരോപണം. മേയ് 27ന് ഭാഗ്തി വീണ്ടും രതികാന്തയെ കണ്ട് അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഉണ്ടാകാതിരിക്കാൻ അഞ്ചു കോടി ആവശ്യപ്പെട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. 

ഇത്രയും വലിയ തുക സംഘടിപ്പിക്കാനാകില്ലെന്ന് അറിയിച്ചതോടെ രണ്ടുകോടിയായി കുറയ്ക്കാമെന്ന് പറഞ്ഞു. ഇക്കാര്യം ഖനി വ്യാപാരി സിബിഐയെ അറിയിക്കുകയായിരുന്നു. കൈക്കൂലിത്തുകയുടെ ആദ്യ ഗഡു വാങ്ങാന്‍ പോകുന്നുവെന്നറിഞ്ഞ സിബിഐ രഘുവംശിയെ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. രഘുവംശിയുടെ ഓഫിസിൽ വച്ചായിരുന്നു അറസ്റ്റ്. ഓഫിസിൽനിന്ന് കണക്കിൽപ്പെടാതെ സൂക്ഷിച്ച പണവും കണ്ടെടുത്തിട്ടുണ്ട്. സിബിഐ കസ്റ്റഡിയിലുള്ള ചിന്തൻ രഘുവംശി 2013 ബാച്ച് ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനാണ്.

Exit mobile version