Site iconSite icon Janayugom Online

അനില്‍ അംബാനി ഗ്രൂപ്പിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

വ്യാജ ബാങ്ക് ഗ്യാരണ്ടി കേസില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവര്‍ ലിമിറ്റഡിനെതിരെ എന്‍ഫോഴ‍്സ്മെന്റ് ഡയറക‍്ടറേറ്റ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ) നല്‍കി പരാതിയിലാണിത്. ബിസ്വാള്‍ ട്രേഡ്ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക‍്ടര്‍ പാര്‍ത്ഥസാരഥി ബിസ്വാള്‍, ബയോതെയ‍്ന്‍ കെമിക്കല്‍സിലെ അമര്‍നാഥ് ദത്ത, റിലയന്‍സ് എന്‍ യു ബെസ്റ്റിലെ രവീന്ദര്‍ പാല്‍ സിങ് ചദ്ദ, റോസ പവര്‍ സപ്ലൈ കമ്പനിയിലെ മനോജ് ഭയ്യാസാഹെബ് പോങ്ഡെ, റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ മുന്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ അശോക് കുമാര്‍ പാല്‍, പുനിത് നരേന്ദ്ര ഗാര്‍ഗ് എന്നരുടെ പേരും കുറ്റപത്രത്തിലുണ്ട്.
ഡല്‍ഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം 2024 നവംബറിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്ഇസിഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിലയന്‍സ് എന്‍യുബെസ് ലിമിറ്റഡിനെതിരെ (റിലയന്‍സ് പവര്‍ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനം) അന്വേഷണം ആരംഭിച്ചു. ബിസ്വാള്‍ ട്രേഡ്‍ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ മാനേജിങ് ഡയറക‍്ടര്‍ പാര്‍ത്ഥസാരഥി ബിസ്വാളിനുമെതിരെ റിലയന്‍സ് എന്‍യുബെസ് ലിമിറ്റഡ് മറ്റൊരു എഫ്ഐആര്‍ ഫയല്‍ ചെയ്തതായി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

എസ്ഇസിഐ നല്‍കിയ ടെണ്ടറിന് റിലയന്‍സ് പവര്‍ ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ റിലയന്‍സ് എന്‍യു ബിഇഎസ്എസ് വഴി ലേലം സമര്‍പ്പിച്ചു. ഇതിനുള്ള രേഖകള്‍ക്കൊപ്പം 68.2 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും ഇവര്‍ സമര്‍പ്പിക്കണമായിരുന്നു. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പ്രകാരം,ബാങ്ക് ഗ്യാരണ്ടി വിദേശ ബാങ്കാണ് നല്‍കുന്നതെങ്കില്‍ ആ ബാങ്കിന്റെ ഇന്ത്യന്‍ ശാഖയില്‍ നിന്നോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നോ (എസ്ബിഐ) അംഗീകാരം നേടണം എന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. ഇതിനായി ഫിലിപ്പീന്‍സിലെ മനിലയിലുള്ള ഫസ്റ്റ്റാന്‍സ് ബാങ്കില്‍ നിന്നും മലേഷ്യയിലെ എസിഇ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ലിമിറ്റഡില്‍ നിന്നും വ്യാജ ബാങ്ക് ഗ്യാരണ്ടി ക്രമീകരിക്കുന്നതിന് ബിസ്വാള്‍ ട്രേഡ്ലിങ്ക് എന്ന കടലാസ് കമ്പനിയുടെ സേവനങ്ങള്‍ റിലയന്‍സ് പവര്‍ ലിമിറ്റഡ് പണം നല്‍കി സ്വീകരിച്ചു. കൂടാതെ എസ്ബിഐയുടെ വ്യാജ ഇമെയില്‍ ഐഡിയും ബാങ്ക് നല്‍കിയതായി ആരോപിക്കുന്ന വ്യാജ എന്‍ഡോഴ‍്സ്മെന്റ് കത്തുകളും ഉപയോഗിച്ചാണ് വ്യാജ ബാങ്ക് ഗ്യാരണ്ടികള്‍ക്കുള്ള അംഗീകാരങ്ങള്‍ നേടിയത്. 

Exit mobile version