കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. പത്ത് മണിക്കൂര്‍ സമയമെടുത്തായിരുന്നു ഇഡി മൊഴി രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എ സി മൊയ്‌തീൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി. ഇതുവരെ വീണ്ടും വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകും. മുന്‍ മന്ത്രികൂടിയായ മൊയ്തീന്‍ പറഞ്ഞു.
അതിനിടെ തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നൽകിയതായും കത്തിലെ ആവശ്യം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും എ സി മൊയ്തീന്‍ പറഞ്ഞു.
രാവിലെ ഒമ്പതരയോടെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചിയിലെ ഓഫീസിൽ എ സി മൊയ്തീൻ എംഎല്‍എ ചോദ്യം ചെയ്യലിനായി ഹാജരായത്. കരുവന്നൂർ ബാങ്കിൽ നിന്ന് ബിനാമികൾ വ്യാജ രേഖകൾ ഹാജരാക്കി വായ്പ നേടിയത് എ സി മൊയ്തീൻ എംഎല്‍എയുടെ ശുപാർശ പ്രകാരമാണെന്നാണ് ആരോപണം. കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്റെ ബന്ധുവാണ് എ സി മൊയ്തീൻ.
നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ച തൃശൂര്‍ കോര്‍പ്പറേഷനിലെ സിപിഐ(എം) കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയെയും കൊച്ചിയിലെ ഓഫീസില്‍ വിളിപ്പിച്ച് ഇഡി മൊഴിയെടുത്തു.
English Sammury: Karuvannur Bank Fraud Case Enforcement Recording of statement