രാജ്യത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ 505 ശതമാനം വര്‍ധന. 2018 മുതല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കുടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആയുധമായി മാറുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇഡി കേസുകളില്‍ ഉണ്ടായിരിക്കുന്ന അതിഭീമമായ വര്‍ധന. വിദേശ നാണയ വിനിമയ ചട്ട ലംഘനം അടക്കമുള്ള വകുപ്പുകള്‍ അടിസ്ഥാനമാക്കിയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2018–19 സാമ്പത്തിക വര്‍ഷത്തില്‍ 195 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2021–22 സാമ്പത്തികവര്‍ഷത്തില്‍ ഇഡി 1180 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 505 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ രേഖ വ്യക്തമാക്കുന്നു. 2004 മുതല്‍ 2014 വരെയുള്ള കാലയളവും 2014 മുതല്‍ 2022 വരെയുള്ള കാലയളവും പരിശോധിച്ചാല്‍ 2,555 ശതമാനത്തിന്റെ വര്‍ധന ഇഡി പരിശോധനകളിലുണ്ടായി. 2004 മുതല്‍ പത്തുവര്‍ഷം നടത്തിയ 112 പരിശോധനകളില്‍ 5,346 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ധനകാര്യ വകുപ്പ് രേഖയില്‍ പറയുന്നു.
അതേസമയം 2014 മുതല്‍ 2022 വരെയുള്ള എട്ട് വര്‍ഷങ്ങളില്‍ 2974 പരിശോധനകള്‍ നടത്തി. 95,432.08 കോടി രൂപ കണ്ടുകെട്ടി. ഇഡി കേസുകളില്‍ 2005 മുതല്‍ ഇതുവരെ തീര്‍പ്പാക്കിയത് കേവലം 0.42 ശതമാനം കേസുകള്‍ മാത്രമാണെന്ന് അടുത്തിടെ കണക്കുകള്‍ പുറത്തുവന്നിരുന്നു. ആകെ രജിസ്റ്റര്‍ ചെയ്ത 5,906ല്‍ 25 കേസുകളില്‍ മാത്രമാണ് ഇതുവരെ തീര്‍പ്പുണ്ടായത്.
അതേസമയം ഈ 25 കേസില്‍ 24 എണ്ണത്തില്‍ ശിക്ഷിക്കപ്പെട്ടതിന്റെ കണക്ക് ഉദ്ധരിച്ച് 96 ശതമാനം ശിക്ഷാവിധിയുണ്ടായെന്നും ഇഡി അവകാശപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നടപടി തടയാന്‍ ഇഡി പരിശോധനകള്‍ക്ക് കഴിയുന്നതായും തീര്‍പ്പാകാത്ത കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ധനകാര്യ മന്ത്രാലയം അവകാശപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം(പിഎംഎല്‍എ), ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ആക്ട് എന്നീ മൂന്ന് നിയമങ്ങള്‍ക്ക് കീഴിലാണ് ഇഡിക്ക് കേസെടുക്കാന്‍ കഴിയുന്നത്.
English Summary:ED rule in the country since 2018
You may also like this video

