Site icon Janayugom Online

ഇഡിക്ക് പ്രതികാര മനോഭാവം പാടില്ല: സുപ്രീം കോടതി

എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സത്യസന്ധമായും നീതിയുക്തമായും പ്രവർത്തിക്കണമെന്നും, പ്രതികാരമനോഭാവം പാടില്ലെന്നും സുപ്രീം കോടതി. എം3എം എന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഡയറക്ടർമാരെ അറസ്റ്റ് ചെയ്ത വിഷയത്തിലാണ് പരാമർശം. പങ്കജ് ബൻസാൽ, ബസന്ത് ബൻസാൽ എന്നിവരെ ജൂൺ 14ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം മറ്റൊരു കേസിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബൻസാൽ സഹോദരൻമാർ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതെത്തുടർന്ന് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന പരാമർശം. 

ഇരുവരെയും ഉടനടി ജയിൽമോചിതരാക്കാനും കോടതി ഉത്തരവിട്ടു. അറസ്റ്റിനു കാരണം വാക്കാൽ പറഞ്ഞായിരുന്നു ഇഡിയുടെ നടപടിയെന്നും, ഇതൊന്നും രേഖാമൂലം വ്യക്തമാക്കാതെയുള്ള അറസ്റ്റ് അസാധുവാണെന്നും കോടതി പറഞ്ഞു. ഇത്രയും ഉന്നതാധികാരങ്ങളും സുപ്രധാന റോളുമുള്ള ഏജൻസിയുടെ പ്രവർത്തനം സുതാര്യമായിരിക്കേണ്ടത് അനിവാര്യമാണ്. അറസ്റ്റിലാകുന്നവരെ അതിന്റെ കാരണം ബോധ്യപ്പെടുത്താൻ ഏകീകൃതമായ രീതികൾ ഉണ്ടാവണമെന്നും കോടതി നിർദേശിച്ചു.

Eng­lish Summary:ED should not be vin­dic­tive: Supreme Court

You may also like this video

Exit mobile version