സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറാണ് ഹർജി നൽകിയിരിക്കുന്നത്.
നിലവിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇഡി കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്. കേരളത്തിൽ വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് ഇഡി ആശങ്കപ്പെടുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി ഇഡി ഉദ്യോഗസ്ഥർ പറയുന്നു.
സ്വപ്ന സുരേഷിന്റെ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്കു കടക്കുന്നതിനിടെയാണ് ഇഡിയുടെ നീക്കം. ഡൽഹിയിൽ നടന്ന ഉന്നതതല കൂടിയാലോചനകൾക്ക് ശേഷമാണ് ഇഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തത്.
അതേസമയം ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാണ് സ്വപ്നയുടെ ഹർജിയിലെ ആവശ്യം.
തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു നടപടി.
അന്വേഷണ സംഘം പിന്നീട് കൂടുതൽ വകുപ്പുകൾ കൂട്ടി ചേർത്തതായി സ്വപ്ന കോടതിയെ അറിയിച്ചു. എന്നാൽ ഇതിന് പൊലീസിന് അധികാരമുണ്ടെന്നും ഈ അധികാരത്തെ തടയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
English summary;ED to Supreme Court seeking transfer of trial of gold smuggling case to Bengaluru
You may also like this video;