എമ്പുരാൻ സിനിമയുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇഡി റെയ്ഡ്. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിൽ പരിശോധന നടത്തിയത്. എമ്പുരാൻ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപിയും സംഘ് പരിവാർ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള ബിജെപി ആവശ്യപ്പെട്ട പല ദൃശ്യങ്ങളും ഒഴിവാക്കിയാണ് സിനിമ റീ റിലീസിങ്ങിന് എത്തിയത്.
പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. നമ്മള്‍ ഒരു സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലല്ലോ. സിനിമ കാണുന്നവര്‍ സന്തോഷിക്കാന്‍ വേണ്ടിയാണ് കാണുന്നതെന്നും ഗോപാലന്‍ പറഞ്ഞിരുന്നു.