വിദ്യാഭ്യാസ വിദഗ്ധനും, ഗവേഷകനുംവൈജ്ഞാനിക സാഹിത്യകാരനുമായ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു . ന്യുമോണിയ ബാധിതനായി ഒരാഴ്ചയായി ചികിൽസയിലായിരുന്നു. മരിക്കുമ്പോള്‍ തൊണ്ണൂറു വയസായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാത്രി എട്ടിന് വസതിയിൽ. അൻപതോളം പുസ്തകങ്ങൾ രചിച്ച ഡോ. അര്‍ജ്ജുനന്‍ നാലു ഭാഷകളിലെ സാഹിത്യപഠനത്തിൽ ബിരുദാനന്തര ബിരുദവും മൂന്നു ഡി ലിറ്റും നേടിയിട്ടുണ്ട്. സർവ വിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. ഭാര്യ: പരേതയായ എം. രാധാമണി. മക്കൾ: ഡോ എആർ.സുപ്രിയ (സർവശിക്ഷാ കേരള ഡയറക്ടർ), എആർ.സാഹിതി, ഡോ എആർ.രാജശ്രീ, എ.ആർ.ജയശ്രീ, എആർ.ജയശങ്കർ പ്രസാദ്.1933 ഫെബ്രുവരി 10ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടിൽ പി.ശങ്കരപ്പണിക്കരുടെയും പി.നാരായണിയുടെയും മകനായി ജനിച്ചു. വെള്ളായണി മുടിപ്പുര നട ലോവർ പ്രൈമറി സ്കൂൾ, നേമം സർക്കാർ മലയാളം സ്കൂൾ, ചാല ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ആർട്സ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമായിരുന്നു ഉപരിപഠനം.
ഒഎൻവി കുറുപ്പ്, പുതുശ്ശേരി രാമചന്ദ്രൻ, എൻ മോഹനൻ എന്നിവരുടെ സഹപാഠിയായിരുന്നു. ആകാശവാണിയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അതിനു ശേഷം കേരള ലക്സിക്കൻ ഡിപ്പാർട്ടമെന്റിൽ ലെക്സിക്കൻ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് കൊല്ലം എസ്എൻ കോളജിൽ മലയാളം വിഭാഗം ലക്ചററായി. 1961 ൽ അലിഗഡ് സർവകലാശാലയിൽ ദക്ഷിണേന്ത്യൻ ഭാഷാ വിഭാഗം മേധാവിയായി. അലിഡഗിൽ മലയാളം വിഭാഗത്തിനു തുടക്കമിട്ടത് അദ്ദേഹമാണ്. എംജി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്ടർ, സംസ്ഥാന സർവവിജ്ഞാനകോശം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സാക്ഷരതാ മിഷൻ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ബിരുദാനന്തര ബിരുദം. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ബിരുദാനന്തര ഡിപ്ലോമ എന്നിവ നേടി. ഡോക്ടറേറ്റും ജബൽപുർ, ആഗ്ര, അലിഗഡ് സർവകലാശാലകളിൽനിന്ന് ഡിലിറ്റും നേടി.1975ൽ സംസ്ഥാന സർവവിജ്ഞാനകോശം ഡയറക്ടറായി. എൻസൈക്ലോപീഡിയയെ ജനകീയമാക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഇന്റര്‍നെറ്റിനും ഗൂഗിളിനും മുന്‍പ് സർവ വിവരങ്ങളും വിരൽത്തുമ്പിലെത്തിച്ചിരുന്നസര്‍വ വിജ്ഞാനകോശത്തെ സാധാരണക്കാരുടെ കൈകളിലെത്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളിലൊന്ന്.വിജ്ഞാന കോശത്തിന്റെ വാല്യങ്ങള്‍ തവണ വ്യവസ്ഥയില്‍ വായനക്കാര്‍ക്കു നല്‍കാനെടുത്ത തീരുമാനം വന്‍ വിജയമായി.1981 ൽ, സർവവിജ്ഞാനകോശം ഡയറക്ടറായിരിക്കെ, അതിന്റെ അഞ്ചാം വാല്യത്തിന് മികച്ച സർവവിജ്ഞാനകോശത്തിനുള്ള കേന്ദ്ര സർക്കാർ പുരസ്കാരം ലഭിച്ചു. സർവവിജ്ഞാനകോശത്തിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാരിന്റെ സൗഹാർദ സമ്മാന പുരസ്കാരം, കേരള സർക്കാരിന്റെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്രസംഭാവനകൾക്ക് 2013 ലെ വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് കേരളസാഹിത്യ അക്കാദമി അവാർഡ്, 2014ലെ കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ ദേശീയോദ്ഗ്രഥന പുരസ്കാരം എന്നിവയും ഡോ. വെള്ളായണി അർജുനനെ തേടിയെത്തി. ഇംഗ്ലിഷ് വിദ്യാഭ്യാസം സാധാരണക്കാർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ തുടങ്ങിയതും ഡോ വെള്ളായണി അർജുനനാണ്. ഗ്രാമീണ മേഖകളിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ടഗോർ എജ്യുക്കേഷൻ ട്രസ്റ്റിന്റെ സ്ഥാപകരിൽ ഒരാളാണ്. പിഎച്ച്ഡി, എംഎ ബോർഡുകളുടെ ചെയർമാനായും സിലബസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
കവിത,കഥ,ബാലസാഹിത്യം,സാഹിത്യ നിരൂപണം, ഭാഷാശാസ്ത്രം,പഠനം, ജീവചരിത്രം തുടങ്ങിയ വിഭാഗങ്ങളിൽ അൻപതോളം പുസ്തകങ്ങളും വിവിധ ഭാഷകളിലായി നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ആശാൻ നവയുഗ ശിൽപി, ശ്രീനാരായണ ഗുരുവിന്റെ ചിന്താവിപ്ലവം മലയാള കവിതയിൽ, വള്ളത്തോളിന്റെ കലാലോകം, വെള്ളായണി അർജുനന്റെ കവിതകൾ, ഒഴുക്കിനെതിരെ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികൾ. വെള്ളായണി അർജുന്റെ കവിതകൾക്ക് തിരുനെല്ലൂർ കവിതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
English Summary:
Education expert Dr Vellayani Arjunan passed away
You may also like this video: