ലോകമെങ്ങും അനേക ലക്ഷങ്ങളുടെ ജീവനെടുത്ത കോവിഡ് 19 രോഗവ്യാപനത്തില്‍ നിന്ന് കുട്ടികള്‍ പൊതുവെ രക്ഷപ്പെട്ടുവെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും അവരുടെ വിദ്യാഭ്യാസത്തില്‍ ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന തരത്തിലാണ് മഹാമാരി ബാധിച്ചതെന്ന് റിപ്പോര്‍ട്ട്. ലോക്ഡൗണും സ്കൂള്‍ അടച്ചിടലും കുട്ടികളെ, പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഗുരുതരമായി ബാധിച്ചുവെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ റുമ ഭാര്‍ഗവ, ഡോ. മേഘ ഭാര്‍ഗവ എന്നിവര്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ 3.80 കോടി കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം ഇല്ലാതായിരിക്കുന്നുവെന്നും രോഗവ്യാപനം തുടങ്ങിയതിനുശേഷം ഇതുവരെ 1.8 ട്രില്യണ്‍ (1,80,000 കോടി) മണിക്കൂറോളം വ്യക്തിഗത വിദ്യാഭ്യാസം നഷ്ടമായെന്നുമാണ് കണക്കാക്കപ്പെടുന്നത്. 2020 മാര്‍ച്ചിനും 2021 സെപ്റ്റംബറിനുമിടയില്‍, 11 രാജ്യങ്ങളില്‍ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള 13 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളിലെ വിദ്യാഭ്യാസസമയത്തിന്റെ മുക്കാല്‍ ഭാഗത്തോളം നഷ്ടമായെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഭാഗികമായ അടച്ചിടലുകളും ജീവിതത്തിലെ മറ്റ് വിഷയങ്ങള്‍ കാരണമായുണ്ടാകുന്ന അവധികളും കണക്കുകൂട്ടിയാല്‍ ഇതിന് പുറമെ പത്ത് കോടിയോളം വിദ്യാര്‍ത്ഥികള്‍ കൂടി, വായിക്കാനുള്ള അറിവിന്റെ കുറഞ്ഞ നിലവാരത്തിനും താഴെയാകുമെന്ന ആശങ്കയുയര്‍ത്തുന്ന വിഷയമാണ് ലേഖനത്തില്‍ പങ്കുവയ്ക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ തുടര്‍ന്നാലും ഈ കൂട്ടികള്‍ക്ക് പാഠ്യവിഷയങ്ങള്‍ കൃത്യമായി പിന്തുടരാന്‍ കഴിയാതെ പിന്നോട്ടടിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതുകൂടാതെ, ലോകത്താകെ 1.10 കോടിയോളം പെണ്‍കുട്ടികള്‍ സ്കൂളുകളിലേക്ക് തിരിച്ചെത്താതെയാകുമെന്നും ഇതോടെ ലിംഗസമത്വത്തില്‍ നേടിയ വളര്‍ച്ചയില്‍ നിന്ന് ദശകകങ്ങളോളം പുറകിലേക്ക് പോകുന്ന സ്ഥിതിയുണ്ടാകുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരപ്രായത്തില്‍ തന്നെ വിവാഹിതരാകുന്നതിനും ഗര്‍ഭിണിയാകുന്നതിനും സാധ്യതയേറുമെന്നും അതോടൊപ്പം ഗാര്‍ഹിക പീഡനങ്ങളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തിപ്പെടുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസത്തില്‍ പിന്നോട്ടുപോകുമെന്നതിനെക്കാളുപരിയായി, കുട്ടികളുടെ മാനസിക ആരോഗ്യത്തെയും സ്കൂളുകള്‍ അടച്ചിടല്‍ ദോഷകരമായി ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. യുനെസ്കോ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയത്, കായികാധ്വാനങ്ങളോ, പോഷകാഹാരലഭ്യതക്കുറവോ ഉള്‍പ്പെടെയുള്ളവ ലോകമെങ്ങും നിരവധി കുട്ടികളുടെ വളര്‍ച്ചയെത്തന്നെ ബാധിച്ചുവെന്നാണ്.
കോവിഡ് രോഗം വ്യാപിച്ചതോടെ ലോകമെങ്ങും സ്കൂളുകള്‍ അടച്ചിട്ട് മറ്റ് രീതിയിലുള്ള പഠനങ്ങളിലേക്ക് മാറുന്ന സ്ഥിതിയുണ്ടായി. ടിവി, റേഡിയോ എന്നിവയിലൂടെ ക്ലാസുകള്‍ നല്കുന്നതോടൊപ്പം തത്സമയ ക്ലാസുകള്‍ മൊബൈലില്‍ ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ ലോകത്ത് നാലില്‍ മൂന്ന് കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം ലഭിക്കുന്നതിനാവശ്യമായ ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യങ്ങളില്ലെന്നതാണ് സ്ഥിതി വഷളാക്കിയത്.
English Summary: Education sector in covil; Forty crore children lost their education
You may like this video also