Site iconSite icon Janayugom Online

വിദ്യാഭ്യാസ മേഖല സൈബര്‍ ആക്രമണ ഭീഷണിയില്‍

രാജ്യത്തെ വിദ്യാഭ്യാസ മേഖല സൈബര്‍ ആക്രമണ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് സിംഗപ്പൂര്‍ ആസ്ഥാനമായി ഡിജിറ്റല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ക്ലൗഡ് സെക്കിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ്, യുകെ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍. കോവിഡിനെ തുടര്‍ന്ന് പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ സൈബര്‍ ആക്രമണങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായും ‘സൈബര്‍ ത്രെട്ടസ് ടാര്‍ജറ്റിങ് ദ ഗ്ലോബല്‍ എജ്യൂക്കേഷന്‍ സെക്ടര്‍’ എന്ന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. 2021ലെ ആദ്യ മൂന്ന് മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൈബര്‍ ആക്രമണങ്ങളില്‍ ഈ വര്‍ഷം ഇതേകാലയളില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായി. 

ഏഷ്യ, പസഫിക് മേഖലയില്‍ കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുണ്ടായ 58 ശതമാനം സൈബര്‍ ആക്രമണങ്ങളും ഇന്ത്യയിലായിരുന്നു. ബൈജൂസ്, ഐഐഎം കോഴിക്കോട്, തമിഴ്‌നാട്ടിലെ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവയ്ക്കെതിരെ നടന്ന ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍ 10 ശതമാനം സൈബര്‍ ആക്രമണങ്ങളാണ് നടന്നത്.

വിദ്യാഭ്യാസ മേഖലയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതില്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയില്‍ 19 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 86 ശതമാനവും വടക്കേ അമേരിക്കയിലാണ്. ഹോവാര്‍ഡ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നിവയ്ക്കെതിരെ നടന്ന ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരെ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് പഠനം നിര്‍ദേശിക്കുന്നു.
സംശയാസ്പദമായ ഇ‑മെയിലുകള്‍, സന്ദേശങ്ങള്‍ ‚ലിങ്കുകള്‍ എന്നിവ തുറക്കുന്നത് ഒഴിവാക്കണം. വെരിഫൈ ചെയ്യാത്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസവേഡ് നല്‍കുക, മൾട്ടി-ഫാക്ടർ ഒതന്റിക്കേഷന്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ സൈബര്‍ ആക്രണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും പഠനം പറയുന്നു. 

Eng­lish Summary:Education sec­tor under threat of cyber attack
You may also like this video

Exit mobile version