Site iconSite icon Janayugom Online

മുട്ട ഫ്രൈഡ്‌റൈസും വെജ് ബിരിയാണിയും; സ്കൂള്‍ ഉച്ചഭക്ഷണത്തിന് കൊതിയേറും രുചിമേളം

മുട്ട ഫ്രൈഡ്‌റൈസ്, വെജ് ബിരിയാണി, ലെമൺ റൈസ്, കുരുമുളക് മുട്ട റോസ്റ്റ്, കൂട്ടുകറി, വിവിധയിനം പായസങ്ങൾ… ഈ മെനു കേട്ടാൽ ആര്‍ക്കാണ് കൊതി വരാത്തത്!. സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവാണിത്. സ്കൂള്‍ ഉച്ചഭക്ഷണം ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ്‌ ഈ രുചിമേളത്തിന് അരങ്ങൊരുക്കിയിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി വിഭവങ്ങൾ തയ്യാറാക്കാൻ നിർദേശമുണ്ട്. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികളും നൽകും. പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാം. 

ആഴ്ചയിൽ ഒരു ദിവസം റാഗി ഉപയോഗിച്ചു റാഗി ബോൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, പാൽ ഉപയോഗിച്ച് കാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20 ദിവസത്തെ ഇനങ്ങളുടെ പട്ടികയാണ്‌ വിദഗ്ധ സമിതി നൽകിയിട്ടുള്ളത്‌. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾക്ക്‌ ഉച്ചഭക്ഷണ മെനു ക്രമീകരിക്കാം. 

സ്‌കൂളിൽ നൽകേണ്ട ദിവസ ഇനങ്ങൾ (ബോക്സ് )
1– ദിവസം: ചോറ്, കാബേജ് തോരൻ, സാമ്പാർ
2: ചോറ്, പരിപ്പ് കറി, ചീരത്തോരൻ
3: ചോറ്, കടല മസാല, കോവയ്ക്ക തോരൻ
4: ചോറ്, ഓലൻ, ഏത്തയ്ക്ക തോരൻ
5: ചോറ്, സോയ കറി, കാരറ്റ് തോരൻ
6: ചോറ്, വെജിറ്റബിൾ കുറുമ, ബീറ്റ്‌റൂട്ട് തോരൻ
7: ചോറ്, തീയൽ, ചെറുപയർ തോരൻ
8: ചോറ്, എരിശേരി, മുതിര തോരൻ
9: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരൻ
10: ചോറ്, സാമ്പാർ, മുട്ട അവിയൽ
11: ചോറ്, പൈനാപ്പിൾ പുളിശേരി, കൂട്ടുക്കൂറി
12: ചോറ്, പനീർ കറി, ബീൻസ് തോരൻ
13: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരൻ
14: ചോറ്, വെള്ളരിക്ക പച്ചടി, വൻപയർ തോരൻ
15: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല
16: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിൾ കുറുമ
17: ചോറ് /എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി
18: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്
19: ചോറ്, പരിപ്പ് കുറുമ, അവിയൽ
20: ചോറ് / ലെമൺ റൈസ്, കടല മസാല 

Exit mobile version