തൃശൂര്‍ കുന്നംകുളം കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കേച്ചേരി സ്വദേശി സുനിൽ ദത്തിന്റെ വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് എട്ട് കിലോ കഞ്ചാവാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് എസ്‌ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിലെത്തിയത്.
പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ അലമാരയിൽ നിന്ന് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലും കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗവും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വന്നത്. സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, രവികുമാർ, അഞ്ജലി, ബിജു, അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.