Site iconSite icon Janayugom Online

എട്ട് വർഷം: ബിജെപിയിലെത്തിയത് 200 കോൺഗ്രസ് നേതാക്കൾ

congress bjpcongress bjp

ഗോവയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ എട്ട് കോൺഗ്രസ് എംഎൽഎമാർ കൂടിയെത്തിയതോടെ ബിജെപിക്ക് കോൺഗ്രസ് സംഭാവന ചെയ്ത നേതാക്കളുടെ എണ്ണം 200 കടന്നു. 2014 മുതൽ 2022 വരെ കോൺഗ്രസ് വിട്ടത് 225 ഓളം എംഎൽഎമാരും എംപിമാരുമാണ്. ഇതിൽ 200 ലേറെ പേരും എത്തിയത് ബിജെപിയിലാണ്.
കോൺഗ്രസിന് സംസ്ഥാന ദേശീയതലങ്ങളിൽ കരുത്ത് പകർന്ന നേതാക്കളായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയതെല്ലാം. മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഗിരിധർ ഗോമങ്, എൻ ഡി തിവാരി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ജഗദാംബിക പാൽ, പഞ്ചാബിലെ മുതിർന്ന നേതാവ് സുനിൽ ഝാക്കർ, കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഗവർണറുമായിരുന്ന എസ് എം കൃഷ്ണ, ഉത്തരാഖണ്ഡിലെ എംപി സത്യപാൽ മഹാരാജ്, കേന്ദ്രമന്ത്രിയായിരുന്ന എൻടിആറിന്റെ മകൾ ഡി പുരന്ദേശ്വരി, മഹാരാഷ്ട്രയിലെ നാരായൺ റാണെ, യുപി കോൺഗ്രസ് അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി, നജ്മ ഹെപ്ത്തുള്ള, ജ്യോതിരാദിത്യ സിന്ധ്യ, ആർ പി എൻ സിങ്, ജിതിൻ പ്രസാദ് എന്നിവരൊക്കെ ബിജെപി പാളയത്തിൽ എത്തി.
കശ്മീരില്‍ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ട് സ്വന്തമായി പാർട്ടി രൂപീകരിച്ച് ബിജെപിയുടെ മുന്നണിയാകാനുള്ള ഒരുക്കത്തിലാണ്. ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയും മുൻ മന്ത്രിമാരും നിരവധി ഭാരവാഹികളും ഉൾപ്പെടെ നൂറിലധികം പേരാണ് ഗുലാം നബി ആസാദിനെ പിന്തുണച്ച് കോൺഗ്രസ് വിട്ടത്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ കോൺഗ്രസ് അക്ഷരാർത്ഥത്തിൽ ബിജെപിയായി മാറുകയായിരുന്നു. കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ മാണിക് സാഹ(ത്രിപുര), എൻ ബിരെൻ സിങ് (മണിപ്പൂർ), പേമ ഖണ്ഡു (അരുണാചൽ), ഹിമന്ത ബിശ്വ ശർമ (അസം) എന്നിവർ ഇപ്പോൾ മുഖ്യമന്ത്രിമാരാണ്. എഐസിസി വക്താവായിരുന്ന ടോം വടക്കനും ബിജെപി പാളയത്തിലാണ്.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചിന്തൻ ശിബിരത്തിനിടെയാണ് പഞ്ചാബിലെ മുതിർന്ന നേതാവ് സുനിൽ ഝാക്കർ കോണ്‍ഗ്രസ് വിട്ടത്. ഇതേദിവസം ത്രിപുരയിൽ മുൻ കോൺഗ്രസ് നേതാവ് മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കി. യുപി, ഗുജറാത്ത്, കർണാടക, ഗോവ, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി എംഎൽഎമാരും നേതാക്കളും ബിജെപിയിലേക്ക് ചേക്കേറി. യുപിയില്‍ കബിൽ സിബൽ പാർട്ടി വിട്ട് സമാജ‍വാദി പാർട്ടി പിന്തുണയോടെ രാജ്യസഭാംഗമായി. ഒടുവിൽ കോൺഗ്രസ് വിടില്ലെന്ന രാഹുൽ ഗാന്ധിയെ മുൻനിർത്തി സത്യം ചെയ്ത ഗോവയിലെ എട്ട് എംഎൽഎമാരാണിപ്പോൾ ബിജെപിയിൽ ലയിച്ചത്.
1967ൽ ഹരിയാന മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന റാവു ബീരേന്ദ്രസിങ്ങിന്റെ ‘ആയാറാം ഗയാറാം’ പ്രയോഗം ഇപ്പോഴും തുടരുകയാണ്. ഹരിയാനയിലെ കോൺഗ്രസ് നേതാവായിരുന്ന ഗയാലാൽ ഒരേ ദിവസം മണിക്കൂറുകൾക്കുള്ളിൽ മൂന്നു പാർട്ടികളിലേക്ക് കൂറുമാറി. ഹസൻപൂർ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര അംഗമായി നിയമസഭയിലെത്തിയ ശേഷമായിരുന്നു ഈ കുറുമാറ്റങ്ങൾ. ഇതിനെയാണ് അന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗമായിരുന്ന റാവു ബീരേന്ദ്രസിങ് ‘ഗയാറാം ആയാറാ‘മായെന്ന് പ്രയോഗിച്ചത്. അതേ റാവു ബീരേന്ദ്രസിങ്ങിന്റെ മകൻ റാവു ഇന്ദ്രജിത് സിങ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂറുമാറി എംപിയും നരേന്ദ്രമോഡി മന്ത്രിസഭയിൽ അംഗവുമായി.

Eng­lish Sum­ma­ry: Eight years: 200 Con­gress lead­ers join BJP

You may like this video also

Exit mobile version