‘ഇന്നത്തെ തലമുറയിലാണ് ശ്രീകൃഷ്ണൻ ജീവിച്ചിരുന്നതെങ്കിൽ കുചേലൻ (സുദാമാവ്) നൽകിയ ഒരുപിടി അവൽ വാങ്ങിയതിന്റെ പേരിൽ ശ്രീകൃഷ്ണൻ പോലും അഴിമതിക്കാരനായേനെ.’ ഇതു പറഞ്ഞത് മറ്റാരുമല്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ഇലക്ടറൽ ബോണ്ടുകളെന്ന അഴിമതിയുടെ ഭീമാകാരമായ മഞ്ഞുമലയെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പരമോന്നത നീതിപീഠം വിധി പുറപ്പെടുവിച്ചപ്പോൾ ബിജെപി നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ആത്മരോഷം കൃഷ്ണ‑കുചേല സംഗമത്തെ പരിഹാസ്യരൂപത്തിൽ പ്രകടിപ്പിക്കുകയായിരുന്നു. മനുഷ്യശരീരത്തിൽ നിന്നും രക്തം കുടിച്ചു വീർക്കുന്ന കുളയട്ടയെപ്പോലെ അഴിമതിപ്പണം തിന്ന് ചീർത്തുവീർത്തിരിക്കുന്ന ബിജെപിയെന്ന സംഘടന ഇത്തരം ഒരു വിധിന്യായത്തിൽ അസഹിഷ്ണുത കാണിക്കുന്നതിൽ അതിശയമില്ല. എംപിമാരെയും എംഎൽഎമാരെയും രാഷ്ട്രീയ പാർട്ടികളെയും വിലയ്ക്കു വാങ്ങാൻ ബിജെപി ഒഴുക്കുന്ന കോടികൾ ഇന്ത്യൻ ചങ്ങാത്ത മുതലാളിത്തത്തിന്റെ സൃഷ്ടികളാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന 2018ൽ നൽകിയ പെറ്റീഷനും അനുബന്ധമായി 2022ൽ നൽകിയ മറ്റു രണ്ടു പെറ്റീഷനുകളുമാണ് സുപ്രീം കോടതി പരിഗണിച്ചത്. 2017ൽ പാർലമെന്റ് പാസാക്കിയ ഫിനാൻസ് ആക്ടിൽക്കൂടി 1951ലെ ജനപ്രാതിനിധ്യ നിയമം, 1961ലെ ഇൻകം ടാക്സ് ആക്ട്, 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 2013ലെ കമ്പനീസ് നിയമം എന്നിവ ഇലക്ടറൽ ബോണ്ടുകൾക്കു സാധൂകരണം നൽകുന്നതിനു വേണ്ടി ഭേദഗതി ചെയ്തത് ബോണ്ടു വിതരണം ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിനെ ചുമതലപ്പെടുത്തുവാൻ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതിനു വേണ്ടിയാണ്.
2013ലെ കമ്പനീസ് ആക്ടിൽ, കമ്പനികളുടെ അറ്റലാഭത്തിന്റെ 7.5 ശതമാനം വരെ മാത്രമെ സംഭാവന നൽകാൻ പാടുള്ളൂ എന്നു വ്യവസ്ഥയുണ്ടായിരുന്നു. 2017ൽ നരേന്ദ്ര മോഡി സർക്കാർ പാസാക്കിയ ധനകാര്യ നിയമത്തിൽക്കൂടി ലാഭത്തിന്റെ 7.5 ശതമാനം എന്ന പരിധി എടുത്തുകളഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ സംഭാവന, നിക്ഷേപം തുടങ്ങിയ വരുമാനം ആദായ നികുതിയിൽ നിന്നും ഒഴിവാക്കുന്നതിന് ചില നിയമവ്യവസ്ഥകൾ ഉണ്ടായിരുന്നു. ഒന്ന്, രാഷ്ട്രീയ പാർട്ടികൾ അക്കൗണ്ട് ബുക്കുകളും അനുബന്ധ രേഖകളും പരിപാലിക്കുകയും സൂക്ഷിക്കുകയും വേണം. രണ്ട്, 20,000 രൂപയിൽ കൂടുതലുള്ള സംഭാവനകൾ നല്‍കുന്നവരുടെ പേരുവിവരം സൂക്ഷിക്കുന്ന റെക്കോഡുകൾ സൂക്ഷിക്കണം. മൂന്ന്, രാഷ്ട്രീയ പാർട്ടിയുടെ കണക്കുകൾ കൃത്യമായി ഓഡിറ്റിനു വിധേയമായിരിക്കണം. മോഡി സർക്കാർ ഇലക്ടറൽ ബോണ്ടിനു വേണ്ടി കൊണ്ടുവന്ന ധനകാര്യനിയമത്തിൽ ഈ ബോണ്ടുകളിൽക്കൂടിയുള്ള സംഭാവനയാണെങ്കിൽ രേഖകളും കണക്കും സൂക്ഷിക്കേണ്ടതില്ലെന്നും 2000 രൂപയിൽ കൂടുതലുള്ള എല്ലാ സംഭാവനകളും ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ടറൽ ബോണ്ട് മുതലായവയിൽക്കൂടി മാത്രമെ പാടുള്ളു എന്നും വ്യവസ്ഥ ചെയ്തു. 2003ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തപ്പോൾ ഒരു രാഷ്ട്രീയ പാർട്ടി 25,000 രൂപയിൽ കൂടുതൽ സംഭാവന നൽകിയിട്ടുള്ളവരുടെ പേരുവിവരമുള്ള റെക്കോഡുകൾ സൂക്ഷിക്കേണ്ടുന്നതും ഇതിന്റെ റിപ്പോർട്ട് വർഷംതോറും തെരഞ്ഞെടുപ്പ് കമ്മിഷന് നൽകേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. 2017ലെ ധനകാര്യ നിയമത്തിൽ ആദായനികുതി നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പിൽ, ഇലക്ടറൽ ബോണ്ടുകളിൽക്കൂടിയുള്ള സംഭാവനയാണെങ്കിൽ വിശദാംശങ്ങൾ ആരോടും വെളിപ്പെടുത്തേണ്ടതില്ലെന്ന് വ്യവസ്ഥ കൊണ്ടുവന്നു. മാത്രമല്ല, കമ്പനികൾ ഏതുതരം സംഭാവനകളുടെയും കണക്കുകൾ വെളിപ്പെടുത്തേണ്ടതില്ലെന്നും വ്യവസ്ഥ ചെയ്തു.
ഇതുകൂടി വായിക്കൂ:അഴിമതിയുടെ അരിയിട്ട് വാഴ്ചയ്ക്കേറ്റ ആഘാതം
പരിധിയില്ലാതെ കോർപറേറ്റ് സംഭാവനകൾക്ക് അനുമതി നൽകുകയായിരുന്നു 2017ലെ നിയമം. ഇലക്ടറൽ ബോണ്ടുകളിൽക്കൂടിയുള്ള ഈ അനിയന്ത്രിത സംഭാവനാ സംവിധാനത്തെ ഭാരതീയ റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് കമ്മിഷനും ആ സമയം ശക്തമായി എതിർത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഇലക്ടറൽ ബോണ്ടുകൾ മുഖേനയുള്ള സംഭാവന രാഷ്ട്രീയ പാർട്ടികളുടെ സാമ്പത്തിക സ്ഥിതിയിൽ ഗൗരവതരമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സംഭാവനകളുടെ സുതാര്യതയ്ക്ക് വലിയ തിരിച്ചടിയേൽക്കുമെന്നും വ്യക്തമാക്കിയിരുന്നു. മറ്റുപല തടസവാദങ്ങളോടുമൊപ്പം റിസർവ് ബാങ്ക് പറഞ്ഞത്, തെരഞ്ഞെടുപ്പ് ബോണ്ടിൽക്കൂടി സംഭാവന നല്‍കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരു വെളിപ്പെടുത്താതിരിക്കുന്നത് കെവൈസി (കസ്റ്റമറെ അറിയുക) മാർഗനിർദേശത്തിനും 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ അന്തഃസത്തയ്ക്കും നിരക്കാത്തതാണ് എന്നാണ്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് അഴിമതിയുടെ ഭീമാകാരമായ ഇലക്ടറൽ ബോണ്ടെന്ന ഭീകരജീവിയെ മോഡി സർക്കാരും ബിജെപിയും, ഇന്ത്യൻ ജനാധിപത്യത്തെ വിലയ്ക്കു വാങ്ങുന്നതിനു വേണ്ടി 2018 ജനുവരി രണ്ടു മുതൽ നടപ്പിലാക്കിത്തുടങ്ങിയത്. അഞ്ചംഗ ബെഞ്ചിന്റെ മുമ്പിൽ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ നിരത്തിയ രണ്ടു വാദമുഖങ്ങൾ കൗതുകമുണർത്തുന്നു. ഒന്ന് രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവനയെക്കുറിച്ച് രാജ്യത്തെ പൗരന്മാർ അറിയേണ്ട കാര്യമില്ല.
രണ്ട് കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് കൊണ്ടുണ്ടാകുന്ന സ്വാധീനത്തെക്കുറിച്ച് കോടതികൾ പരിശോധിക്കേണ്ട ആവശ്യമില്ല. ഒരു ജനാധിപത്യ രാജ്യത്തിലെ ഭരണകൂടത്തിന്റെ വാദം എത്ര വിചിത്രമായിരിക്കുന്നു. ഇലക്ടറൽ ബോണ്ടും അതിനുവേണ്ടി നടത്തിയ ഭേദഗതികളും ഭരണഘടനാ വിരുദ്ധമെന്നു വിധിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ബോണ്ടുവിതരണം നിർത്തിവയ്ക്കാനും ഉത്തരവിട്ടു എന്നത് ഏറ്റവും സ്വാഗതാർഹമാണ്. കോർപറേറ്റ് കമ്പനികളെ കുചേലനായി മാത്രം കാണുന്ന നരേന്ദ്ര മോഡിക്ക് അവരില്‍ നിന്നും കൂടുതൽക്കൂടുതൽ അവൽ വാങ്ങിത്തിന്നാൻ തോന്നും. അതിനു കാരണം ഇന്ത്യൻ ഫാസിസമെന്നത് തീവ്രഹിന്ദുത്വ രാഷ്ട്രീയവും കോർപറേറ്റ് ചങ്ങാത്തവും കൂടിച്ചേർന്നതാണ് എന്നതാണ്. ജസ്റ്റിസ് സഞ്ജീവ്ഖന്ന എഴുതിയ പ്രത്യേക വിധിയിൽ 2017–18 മുതൽ 2022–23 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ 20 രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച തെരഞ്ഞെടുപ്പ് ബോണ്ടിൽക്കൂടിയുള്ള സംഭാവനയുടെ പട്ടിക കൂടി കൊടുത്തിട്ടുണ്ട്.
ഇതുകൂടി വായിക്കൂ:വീണ്ടും തെരഞ്ഞെടുപ്പ് ബോണ്ട്
2017–18ൽ ബിജെപിക്ക് 210 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് സംഭാവന ലഭിച്ചെങ്കിൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്ന 2019–20ൽ അവര്‍ക്ക് ലഭിച്ചത് 2,555 കോടി രൂപയാണ്. 2022–23ൽ 1294 കോടി രൂപ (കോടതിയിൽ കണക്ക് നൽകിയതു വരെ) ലഭിച്ചു. മേൽപ്പറഞ്ഞ 20 രാഷ്ട്രീയ പാർട്ടികളുടെ ലിസ്റ്റിൽ സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ) തുടങ്ങിയ പാർട്ടികൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. കോടതിയിൽ ഹാജരാക്കിയ മറ്റൊരു പട്ടികയില്‍ ദേശീയ പാർട്ടികൾക്ക് കോർപറേറ്റ് കമ്പനികൾ നൽകിയ സംഭാവനയും വ്യക്തമാക്കിയിട്ടുണ്ട്. 2016–17 മുതൽ 2021–22 വരെ ബിജെപിക്ക് ആകെ ലഭിച്ച കോർപറേറ്റ് സംഭാവന 3299.85 കോടിരൂപയാണ്. രണ്ട് പട്ടികകളിലെയും ആകെ സംഭാവനയുടെ 80–90 ശതമാനവും ബിജെപിയെന്ന കേന്ദ്രഭരണ രാഷ്ട്രീയ പാർട്ടിക്കാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി നടത്താൻ വ്യവസ്ഥാപിതമായ വഴികൾ കണ്ടെത്തിയ ബിജെപിയെന്ന രാഷ്ട്രീയ പാർട്ടിയെയും കേന്ദ്ര സര്‍ക്കാരിനെയും ദേശദ്രോഹ കുറ്റത്തിന് വിചാരണ ചെയ്യേണ്ടതാണ്.