ഒക്ടോബറിൽ വിറ്റഴിച്ചത് 232 കോടിരൂപയുടെ ഇലക്ടറൽ ബോണ്ടുകൾ

Web Desk
Posted on November 02, 2019, 12:19 pm

ന്യൂഡൽഹി: കഴിഞ്ഞ മാസം മാത്രം രാജ്യത്ത് 232 കോടിരൂപയുടെ ബോണ്ടുകൾ വിറ്റഴിച്ചതായി റിപ്പോർട്ട്. 2018 മാർച്ച് മുതൽ കഴിഞ്ഞ മാസം വരെ മൊത്തം 12,313 ബോണ്ടുകൾ വിറ്റഴിച്ചതായും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ മൊത്തം മൂല്യം 6,128കോടിയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂലൈ മാസത്തിൽ 45 കോടിയുടെ ബോണ്ടുകൾ വിറ്റഴിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മെയ്, ഏപ്രിൽ, മാർച്ച് മാസങ്ങളിൽ യഥാക്രമം822, 2,256, 1,366 കോടിയുടെ വീതം ബോണ്ടുകള്‍ വിറ്റഴിച്ചിട്ടുണ്ട്. 2019 ജനുവരി, 2018 നവംബർ, ഒക്ടോബർ മാസങ്ങളിലായി 350, 184, 402 കോടി രൂപയുടെ വീതം ബോണ്ടുകൾ വിറ്റഴിച്ചതായും കണക്കുകൾ പറയുന്നു.

മുംബൈയിലാണ് ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വിറ്റത്. 1,880 കോടിയുടെ ബോണ്ടുകളാണ് ഇവിടെ മാത്രം വിറ്റത്. കൊൽക്കത്തയാണ് തൊട്ടുപിന്നിൽ. 1,440 കോടിരൂപയുടെ ബോണ്ട് ഇവിടെ വിറ്റഴിച്ചു. ഡല്‍ഹിയിൽ 919 കോടിയുടെയും ഹൈദരാബാദിൽ 838 കോടിരൂപയുടെയും ബോണ്ടുകൾ വിറ്റു. മറ്റ് നഗരങ്ങളിൽ എല്ലാം കൂടി 2018 മാർച്ച് മുതൽ കഴിഞ്ഞ മാസം വരെ 1,051 കോടി രൂപയുടെ ബോണ്ടുകൾ വിറ്റെന്നും എഡിആർ റിപ്പോർട്ട് പറയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് ഇവ വിറ്റഴിക്കുന്നത്. ഇന്ത്യക്കാർക്ക് മാത്രമേ ഇവ വാങ്ങാനാകൂ. ഇന്ത്യൻ കമ്പനികൾക്കും ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഈ പണം പേര് വെളിപ്പെടുത്താത്തവരുടേതെന്ന വ്യാജേന സംഭാവനകളുടെ രൂപത്തിൽ ഇവ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നു.