തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന ഇലക്ഷൻ മോർച്ചയാണെന്ന് സുപ്രീം കോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ.
തെരഞ്ഞെടുപ്പിന്റെ സുതാര്യതയുടെ എല്ലാ നിയമങ്ങളും ലംഘിക്കുകയാണ് അവർ. പൗരത്വം പരിശോധിക്കാനുള്ള ബിജെപിയുടെ നീക്കത്തിനാണ് ഇപ്പോൾ കമ്മീഷൻ കൂട്ടുനിൽക്കുന്നത്. ബിഹാറിൽ ഇതിനായി അവർ 11ഓളം രേഖകളാണ് പൗരന്മാരിൽ നിന്നും ആവശ്യപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയവരിൽ ഭൂരിഭാഗം പേരും മുസ്ലീങ്ങളായിരുന്നു. പൗരത്വത്തിന്റെ പേരിൽ അവർക്ക് ആരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോം 20, ഫോം 21 എന്നിവ നൽകുന്നതിനെക്കുറിച്ചുള്ള നിയമങ്ങൾ പോലും അവർ കൃത്യമായി പാലിക്കുന്നില്ല. ബൂത്തുകളിൽ വോട്ട് ചെയ്തവരുടെ എണ്ണം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും അവർ തയ്യാറാകാറില്ല. പലപ്പോഴും തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് കണക്കുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വൈകീട്ട് 5 മണിക്ക് മുമ്പ് വരെ ഒരു കണക്ക് പുറത്ത് വിടുകയും പിന്നീട് വോട്ടിങ് പൂർത്തിയായ ശേഷം വലിയ ശതമാന കണക്ക് പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് പതിവ്. 5 മണിക്ക് വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ളവർ ക്യൂവിൽ നിൽക്കുന്നവരാണ്. ഇത് പൊതുജനങ്ങളും കാണേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാണ്. എന്നാൽ അവസാന മണിക്കൂറുകളിലെ പോളിങിന് ശേഷം ശതമാന കണക്കുകൾ വലിയ രീതിയിൽ മാറിമറിയുന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷൻ കമ്മിഷനിലും തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളെ വലിയ രീതിയിൽ ബിജെപി നിയമിക്കുന്നുണ്ട്. ഈ സംശയങ്ങളെല്ലാം ദുരീകരിക്കാൻ പോളിങ് ബൂത്തുകളിൽ വീഡിയോ റെക്കോർഡിങും കൂടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അലട്ടുന്ന മറ്റൊരു ദേശീയ പ്രശ്നമാണ് ലഡാക്കിലേത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമാധാനപരമായി നടന്ന ഒരു സമരത്തിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്. പൊലീസ് അവരുടെ സമരത്തെ അടിച്ചമർത്തുകയാണ് ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം പട്ടികയിൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്ത പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുങിനെ എൻഎസ്എ ചുമത്തി അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ നടപടിയെയും അദ്ദേഹം അപലപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ഇലക്ഷൻ മോർച്ച: പ്രശാന്ത് ഭൂഷൺ

