Site iconSite icon Janayugom Online

രാജ്യവ്യാപക എസ്ഐആറിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍; സംസ്ഥാന സിഇഒമാരുമായി ബുധനാഴ്ച ചര്‍ച്ച

ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആര്‍) വിവാദമായതിന് പിന്നാലെ രാജ്യവ്യാപകമായി എസ്ഐആര്‍ നടത്തുന്നതിനുള്ള നീക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ന്യൂഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ (സിഇഒ) സമ്മേളനം നടത്തും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും എസ്ഐആറിനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് അവതരണം നടത്താന്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വോട്ടർമാരുടെ എണ്ണം, സംസ്ഥാനത്ത് നടന്ന അവസാന എസ്‌ഐആർ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. അടുത്ത വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളിലായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഓരോ തെരഞ്ഞെടുപ്പിന് മുമ്പും സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) വഴി വോട്ടർ പട്ടിക പരിഷ്കരിക്കാറുണ്ട്. ഇത്തവണ ഇതിനായി നിര്‍ദേശങ്ങളൊന്നും തെരഞ്ഞെെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ നടപ്പാക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതീക്ഷിക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്ത ജനുവരി ഒന്ന് മുതല്‍ എസ്ഐആര്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. യോഗ്യതയുള്ള എല്ലാ പൗരന്മാരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് എസ്ഐആര്‍ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. ഇതുവഴി വോട്ടവകാശം വിനിയോഗിക്കാന്‍ പ്രാപ്തരാക്കുക, യോഗ്യതയില്ലാത്ത എല്ലാവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുക, വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും ഉള്ള പ്രക്രിയയില്‍ പൂര്‍ണ സുതാര്യത എന്നിവയ്ക്ക് കഴിയുമെന്ന് കമ്മിഷന്‍ അവകാശപ്പെട്ടു. ബിഹാറിലെ എസ്ഐആറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പാര്‍ലമെന്റിലടക്കം വിഷയം ചര്‍ച്ചയായി. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കമ്മിഷന് പലതവണ നിലപാട് മാറ്റേണ്ടിവന്നു. കേസ് ഇപ്പോഴും കോടതി പരിഗണനയിലാണ്. രാജ്യവ്യാപക എസ്ഐആറിനെതിരെ പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. 

Exit mobile version